Home Featured ”ഹലോ ഒരു ഇംഗ്ലീഷ് വാക്കാണ്,;ഹലോ’ക്ക് പകരം വന്ദേമാതരം പറയൂ; ഉത്തരവ് ഉടനെന്ന് മഹാരാഷ്ട്ര മന്ത്രി

”ഹലോ ഒരു ഇംഗ്ലീഷ് വാക്കാണ്,;ഹലോ’ക്ക് പകരം വന്ദേമാതരം പറയൂ; ഉത്തരവ് ഉടനെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ ഫോണ്‍ എടുക്കുമ്ബോള്‍ ‘ഹലോ’ എന്നതിനു പകരം ‘വന്ദേമാതരം’ പറയണമെന്ന് സാംസ്‌കാരിക മന്ത്രി സുധീര്‍ മുഗന്തിവര്‍. ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

”ഹലോ ഒരു ഇംഗ്ലീഷ് വാക്കാണ്, അത് ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്. വന്ദേമാതരം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന വികാരമാണ്. നാം സ്വാതന്ത്ര്യത്തിന്‍റെ 76-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. നമ്മള്‍ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്.അതിനാല്‍ ഉദ്യോഗസ്ഥര്‍ ഹലോ എന്നതിനുപകരം ഫോണിലൂടെ ‘വന്ദേമാതരം’ പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” സുധീര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വകുപ്പുകള്‍ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ തീരുമാനം. അതേസമയം മന്ത്രിസഭാ വികസനത്തിന് പിന്നാലെ ശിവസേനയില്‍ അതൃപ്തി പുകയുകയാണ്. എല്ലാം ബി.ജെ.പിക്ക് നല്‍കിയതിലാണ് ഒരുവിഭാഗം നേതാക്കള്‍ക്ക് അതൃപ്തി. ചില ശിവസേന നേതാക്കളുടെ വകുപ്പുകളില്‍ ബി.ജെ.പിയും അതൃപ്തി പ്രകടിപ്പിച്ചു.

മഹാ വികാസ് അഘാഡി സഖ്യത്തില്‍ എന്‍.സി.പി കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പുകളാണ് ബിജെപി ഏറ്റെടുത്തത്. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുത്ത ധനകാര്യം ഉള്‍പ്പടെ ഇതില്‍ പെടും. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാധാകൃഷ്ണ വിഖേയ്ക്ക് റവന്യൂ വകുപ്പും മന്ത്രി സഭയിലെ പുതുമുഖമായ അതുല്‍ സാവേക്ക് സഹകരണ വകുപ്പും ബി.ജെ.പി ചോദിച്ച്‌ വാങ്ങി. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ വകുപ്പുകള്‍ ആണ് നിലവില്‍ ശിവസേനയ്ക്ക് ലഭിച്ചതില്‍ പ്രധാന വകുപ്പുകള്‍. ഈ വകുപ്പ് വിഭജനത്തില്‍ ബി.ജെ.പിയിലും അതൃപ്തി ഉണ്ട്.

ആവശ്യമെങ്കില്‍ അടുത്ത ഘട്ട മന്ത്രിസഭാ വികസനത്തിന് മുന്‍പായി വകുപ്പുകള്‍ വെച്ചുമാറാമെന്ന് ഫഡ്‌നാവിസ് അറിയിച്ചിട്ടുണ്ട്. ശിവസേന ഇനി പ്രതീക്ഷ വയ്ക്കുന്നത് നികത്താനുള്ള 20 മന്ത്രി സ്ഥാനങ്ങളില്‍ ആണ്. നിലവില്‍ ഒരു വനിതാ അംഗം പോലും ഇല്ലാത്ത മന്ത്രിസഭയില്‍ കൂടുതല്‍ വകുപ്പുകള്‍ ലഭിക്കാന്‍ ആണ് ഏക്നാഥ് ഷിന്‍ഡെ പക്ഷ ശിവസേനയുടെ നീക്കം. എന്നാല്‍ മുന്‍ ധാരണ പ്രകാരം സുപ്രധാന സ്ഥാനങ്ങളും കൂടുതല്‍ മന്ത്രി സ്ഥാനങ്ങളും ബി.ജെ.പി വിട്ട് നല്‍കാന്‍ സാധ്യതയില്ല.

You may also like

error: Content is protected !!
Join Our WhatsApp Group