മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരമ്പരകളിലൂടെ പരിചിതമായ മുഖമാണ് ആലീസിന്റേത് (Alice Christy). കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ ആലീസിന്റെ വിവാഹവും ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കിമാറ്റി. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്.
സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. വിവാഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹശേഷം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു.
ആഴ്ചയില്‍ രണ്ട് എന്ന രീതിയില്‍ വീഡിയോയും പങ്കുവച്ച്, ഒരുപാട് കാഴ്ച്ചക്കാരുമായിട്ടായിരുന്നു ചാനല്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ചാനലില്‍ വീഡിയോ ഒന്നും കാണുന്നില്ലായിരുന്നു. അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ‘ആലീസ് ക്രിസ്റ്റി’ എന്ന തന്റെ ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഒഫീഷ്യലി പറയുകയാണ് കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിലൂടെ ആലീസ്.
കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ നഷ്ടമായെന്നും, വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതെല്ലാം നഷ്ടമാകുമ്പോള്‍ സങ്കടം തോന്നുന്നുവെന്നുമാണ് ആലീസ് വീഡിയോയില്‍ പറയുന്നത്. കൂടാതെ ഇപ്പോള്‍ പൊലീസ് കേസും മറ്റുമായി പേജ് തിരിച്ചു പിടിക്കാനുള്ള ശ്രമമാണെന്നും, ഉടനെതന്നെ ചാനലിലേക്ക് മടങ്ങിയെത്തുമെന്നുമാണ് ആലീസ് പറയുന്നത്.
‘എപ്പോഴും വരുന്നതുപോലെ സന്തോഷമുള്ള കാര്യം പറയാനല്ല ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. അല്പം വിഷമമുള്ള കാര്യമാണ്. കഴിഞ്ഞ എട്ട് മാസത്തോളമായി നിങ്ങള്‍ എല്ലാവരും പിന്തുണയ്ക്കുന്ന എന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. യൂട്യൂബ് മാത്രമല്ല എന്റെ ഫേസ്ബുക്കും ഹാക്കായി. ആഴ്ച്ചയില്‍ രണ്ട് എപ്പിസോഡ് വീതം ചെയ്തുകൊണ്ടിരുന്നതായിരുന്നു.
പെട്ടന്ന് വീഡിയോ നിന്നപ്പോള്‍ എല്ലാവരും പേഴ്സണലായി മെസേജ് അയച്ച് ചോദിക്കുന്നുണ്ട്. മിക്കവരോടും പറഞ്ഞു. ഇനിയു അറിയാത്തവരുണ്ടാകും. അതുകൊണ്ടാണ് ഇപ്പോള്‍ ലൈവില്‍ വരുന്നത്, ഇതെല്ലാം കാരണം കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളായി ഞാനും ഇച്ചായനും സ്ട്രെസിലാണ് കടന്നുപോകുന്നത്.
അത്രയധികം കഷ്ടപ്പെട്ട് നേടിയതെല്ലാം ഒറ്റയടിക്ക് പോകുക എന്ന് പറഞ്ഞാല്‍ ഭയങ്കര വിഷമമുള്ള കാര്യം തന്നെയാണ്. ചാനല്‍ തിരിച്ചെടുക്കാനുള്ള നിയമപരമായ കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. ഒരാഴ്ച്ചകൊണ്ട് എന്റെ ചാനല്‍ എനിക്കുതന്നെ കിട്ടും എന്നാണ് പ്രതീക്ഷ’ – ആലീസ് പറഞ്ഞു.പത്തനംതിട്ടക്കാരനായ സജിന്‍ സജി സാമുവലാണ് ആലീസിന്റെ ഭര്‍ത്താവ്.
സജിനെ നേരത്തെ തന്നെ ആലീസ് പരിചയപ്പെടുത്തിയിരുന്നു. ആലിസും സജിനും ചേര്‍ന്നുള്ള യാത്രകളും ഇണക്കങ്ങളും അവരുടെ സന്തോഷവുമെല്ലാമാണ് ഇവരുടെ വ്ലോഗുകളില്‍ മിക്കതും.