ബെംഗളൂരു: ബെംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്തിന്റെ പരിസരത്തുള്ള ഈദ്ഗാഹ് ടവര്‍ തകര്‍ക്കുമെന്ന് പ്രസ്താവിച്ച ഹിന്ദുത്വ നേതാവിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പോലിസ്.സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് വിശ്വ സനാതന്‍ പരിഷത്ത് അധ്യക്ഷന്‍ ഭാസ്കരനെതിരേയാണ് ബെംഗളൂരു ചാമരാജ്പേട്ട് പൊലീസ് കേസെടുത്തത്.
വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലം സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ഭാസ്കരന് അയോധ്യയിലെ ബാബറി മസ്ജിദ് മാതൃകയില്‍ ഈദ്ഗാഹ് ടവര്‍ തകര്‍ക്കുമെന്നായിരുന്നു പ്രസ്താവിച്ചത്.ഈദ്ഗാഹ് മൈതാനം റവന്യൂ വകുപ്പിന്റേതാണെന്ന് അടുത്തിടെ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പ്രഖ്യാപിച്ചിരുന്നു.
റവന്യൂ വകുപ്പിന്റെ സ്വത്തായി പ്രഖ്യാപിച്ച ബിബിഎംപിയുടെ തീരുമാനത്തില്‍ കോടതിയെ സമീപിക്കുമെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കി.ഈദ്ഗാഹ് മൈതാനം ഇനിമുതല്‍ കളിസ്ഥലമായി ഉപയോഗിക്കണമെന്ന് ഭാസ്കരന് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബര്‍ ആറിന് മുമ്ബ് ഈദ്ഗാഹ് ടവര്‍ പൊളിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിന് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഈദ്ഗാഹ് ടവര്‍ പൊളിക്കാന്‍ മഹാരാഷ്ട്ര, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടകയുടെ എന്നിവിടങ്ങളില്‍നിന്ന് ആളുകളെ എത്തിക്കാന്‍ ഹിന്ദു സംഘടനകളുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.