ബെംഗളൂരു: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് നഗരത്തിലെ ദുരിതബാധിത വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശമാണ് ഈസ്റ്റ് സോണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെള്ളം പമ്പ് ചെയ്യാൻ തൊഴിലാളികളെ അയച്ചിട്ടുണ്ടെന്നും സായ് ലേഔട്ടിൽ 270, എച്ച്ബിആർ ലേഔട്ടിൽ 50, പൈ ലേഔട്ടിൽ 16, നാഗപ്പ റെഡ്ഡി ലേഔട്ടിലെ 12 വീടുകൾ വെള്ളത്തിനടിയിലാണെന്നും ബിബിഎംപി നഷ്ടപരിഹാരം നൽകുകയും ശാശ്വത പരിഹാരത്തിനുള്ള ശ്രമത്തിലാണെന്നും ഇതിന് സമയമെടുക്കുമെങ്കിലും അടുത്ത മൺസൂണോടെ അൽപം ആശ്വാസം ലഭിക്കുമെന്നും ഗിരിനാഥ് പറഞ്ഞു.
ഒരു വർഷത്തിനിടെ മൂന്നാം തവണയും സായ് ലേഔട്ട് വെള്ളത്തിനടിയിലായതോടെ, ഗെദ്ദലഹള്ളി റെയിൽവേ ഗേറ്റിൽ വെന്റ് വീതി കൂട്ടുന്നതിനായി ബിബിഎംപി ടെൻഡർ വിളിച്ചതായി ഗിരിനാഥ് പറഞ്ഞു. പണി പൂർത്തിയായാൽ അടുത്ത മഴക്കാലത്തോടെ സ്ഥിതി മെച്ചപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലുള്ള വെന്റിന് പുറമെ, അതേ ഭാഗത്ത് ഒരു ചെറിയ വെന്റിനു കൂടി ബിബിഎംപി അനുമതി തേടും. പൈ ലേഔട്ടിലെ കൈയേറ്റങ്ങൾ പാലികെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചിലത് ഇതിനകം ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.