പാറക്കടവ്: പോക്കറ്റടിച്ച പഴ്‌സില്‍നിന്ന് പണം മാത്രമെടുത്ത് രേഖകള്‍ തപാല്‍ വഴി തിരികെ നല്‍കിയ കള്ളന് സോഷ്യല്‍മീഡിയയിലൂടെ നന്ദി പറഞ്ഞ് ഉടമസ്ഥന്‍. ചെക്യാട് പാറക്കടവ് സ്വദേശിയും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പഴ്‌സ് തിരികെ നല്‍കിയ കള്ളന്റെ സത്യസന്ധതയെ അഭിനന്ദിച്ചത്.
കള്ളന് സാമൂഹികമാധ്യമങ്ങൾ വഴി നന്ദിയറിയച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ചിന്തൻശിബിരം കഴിഞ്ഞുവരുമ്പോഴാണ് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് പഴ്‌സ് നഷ്ടപ്പെട്ടത്. വിവിധ രേഖകളും എ.ടി.എം. കാർഡും 700 രൂപയുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്. പഴ്‌സ് നഷ്ടപ്പെട്ടതോടെ രാത്രിയിൽ സുഹൃത്തിനോട് പണംവാങ്ങി നാട്ടിലെത്തി. പുതിയ എ.ടി.എം. കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് പോസ്റ്റോഫീസിൽനിന്ന് ഫോൺ വന്നത്.
നഷ്ടപ്പെട്ട പഴ്‌സ് ലഭിച്ചിട്ടുണ്ടെന്നും, പണമില്ല… പക്ഷേ എല്ലാ രേഖകളും ഉണ്ടെന്ന് അറിയിച്ചത്. ഇത് മോഹനന് വലിയ ആശ്വാസമാണ് പകർന്നത്. മോഹനന്റേത് ഉൾപ്പെടെ നാലു പഴ്‌സുകൾ പോക്കറ്റടിച്ച കള്ളൻ പണമെടുത്തശേഷം പഴ്‌സുകൾ തപാൽബോക്‌സിൽ നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റൽവകുപ്പിലെ സുഹൃത്തിന്റെ സഹായത്തോടെ നാട്ടിലെ പോസ്റ്റോഫീസിൽ പഴ്‌സെത്തി.