മംഗളൂരു: സൂറത്കലിൽ ഫാസിൽ വധക്കേസുമായി ബന്ധപ്പെട്ട് 6 പ്രതികളെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായഗിരിദർ, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാർ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹൻ, ദീക്ഷിത് എന്നിവരെയാണ് അറസ്റ്റിലായത്. ഇവർക്ക് കാർ നൽകി സഹായിച്ച കൊടിഗേരി സ്വദേശി അജിത് ക്രാസ്റ്റയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കൊലപാതകത്തിന് ആവശ്യമായ മറ്റ് സഹായങ്ങൾ ചെയ്ത് നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സൂറത്കൽ മംഗൾ പോട്ടെ സ്വദേശി ഫാസിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെട്ടേറ്റ് മരിച്ചത്. ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തിയിരുന്നു.
ഇയാളുടെ കടയുടെ മുന്നിൽ വച്ച് വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നിലൂടെ എത്തിയ സംഘം ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കവെയാണ് ഈ കൊലപാതകം കൂടി നടന്നിരിക്കുന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. കേസ് കർണാടക സർക്കാർ എൻഐഎയ്ക്ക് കൈമാറിയിരുന്നു.