കൊച്ചി: അഭിനന്ദനം ഏറ്റുവാങ്ങാൻ വേദിയിലേക്ക് എത്തിയതിന് പരസ്യമായി അപമാനിക്കപ്പെട്ട പെൺകുട്ടിക്ക് വേണ്ടി ഒരു രാഷ്ട്രീയ പാർട്ടിയും രംഗത്ത് വന്നില്ലെന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.. ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് സമസ്ത നേതാവ് അപമാനിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നിരീക്ഷണം.
നിരവധി ഘട്ടങ്ങളിൽ പൊതുവിടങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വങ്ങളടക്കം പാലിച്ച മൗനം തന്നെ ലജ്ജിപ്പിച്ചെന്ന് ഗവർണർ ആരിഫ് ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ വിഷയത്തിൽ ഇടപെട്ടപ്പോൾ വ്യത്യസ്തനായ ഗവർണറാണെന്ന് പലരും പറഞ്ഞുവെന്നും, എന്നാൽ താൻ ചെയ്തത് തന്റെ കടമ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, പൊതുവേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതാണെന്നായിരുന്നു സിപീക്കർ എം.ബിരാജേഷ്, ഗവർണർക്ക് നൽകിയ മറുപടി. വിവാദമായ ആ വിഷയത്തെ എല്ലാവരും അപലപിച്ചുവെന്നും, ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടുള്ളതല്ലെന്നും രാജേഷ് പറഞ്ഞു.
ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർ ആയിരുന്നു വിവാദമായ സംഭവത്തിന് പിന്നിൽ. ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ ചൊടിപ്പിച്ചത്.
‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്’ എന്നായിരുന്നു അബ്ദുള്ള മുസ്ലിയാർ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.