ദില്ലി: വിവിധ കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന പൗരന്മാരുടെ ഇളവുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ. ജനറല്‍, സ്ലീപ്പര്‍ ക്ലാസ്സുകളില്‍ മാത്രമായിരിക്കും മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവുകള്‍ നല്‍കുക എന്നാണ് റിപ്പോര്‍ട്ട്കൊവിഡ് മഹാമാരിക്ക് ശേഷമാണ് റെയില്‍വേ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തലാക്കിയത്.
നേരത്തെ സ്ത്രീകളുടെ പ്രായം 58 നും പുരുഷന്മാരുടെ പ്രായം 60 നും മുകളിലാകണമായിരുന്നു. എന്നാല്‍ ഇളവുകള്‍ പുനഃസ്ഥാപിക്കുമ്ബോള്‍ പ്രായപരിധിയില്‍ മാറ്റം വരുത്തും എന്ന് റെയില്‍വേ അറിയിച്ചു.70 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആയിരിക്കും ഇളവുകള്‍ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇളവുകള്‍ പൂര്‍ണമായി ഒഴിവാക്കില്ല എന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ഇളവിനുള്ള പ്രായപരിധിയില്‍ മാറ്റം വരുത്തി 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമായി നല്കുന്ന കാര്യം റെയില്‍വേ ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. ഇത് ബാധ്യത കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
മുതിര്‍ന്ന പൗരന്മാരായ സ്ത്രീകള്‍ക്ക് 50 ശതമാനം ഇളവും പുരുഷന്മാര്ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും എല്ലാ ക്ലാസുകളിലും 40 ശതമാനം കിഴിവ് ലഭിക്കും. ഇളവുകള്‍ നോണ്‍ എസി യാത്രയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നതാണ് റെയില്‍വേയുടെ പരിഗണനയിലുള്ള മറ്റൊരു വ്യവസ്ഥ.എല്ലാ ട്രെയിനുകളിലും ‘പ്രീമിയം തത്കാല്‍’ പദ്ധതി അവതരിപ്പിക്കുക എന്നതാണ് റെയില്‍വേ പരിഗണിക്കുന്ന മറ്റൊരു ഓപ്ഷന്.
ഇളവുകളുടെ ഭാരം നികത്താന്‍ കഴിയുന്ന രീതിയില്‍ വരുമാനം ഉണ്ടാക്കാന്‍ ഇത് സഹായിക്കും. നിലവില്‍ 80 ട്രെയിനുകളില്‍ ഈ പദ്ധതി ബാധകമാണ്.പ്രീമിയം തത്കാല്‍ സ്കീം എന്നത് റെയില്‍വേ അവതരിപ്പിച്ച ഒരു ക്വാട്ടയാണ്. യാത്ര ചെയ്യേണ്ട മണിക്കൂറുകള്‍ക്ക് മുന്‍പ് ഉയര്‍ന്ന പണം നല്കി ടിക്കെട്ടുകള്‍ സ്വന്തമാക്കാം. തത്കാല്‍ നിരക്കില്‍ അടിസ്ഥാന ട്രെയിന്‍ നിരക്കും അധിക തത്കാല്‍ നിരക്കുകളും ഉള്‍പ്പെടുന്നു.
വിവിധ തരത്തിലുള്ള യാത്രക്കാര്‍ക്ക് നല്കുന്ന 50-ലധികം തരത്തിലുള്ള ഇളവുകള്‍ കാരണം റെയില്‍വേയ്ക്ക് പ്രതിവര്‍ഷം ഏകദേശം 2,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. നല്കുന്ന മൊത്തം കിഴിവിന്റെ 80 ശതമാനത്തോളം വരും മുതിര്‍ന്ന പൗരന്മാരുടെ ഇളവ്.