ബെംഗളുരു: സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് ജോലി സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. 3 വർഷത്തിനുള്ളിൽ 7.5 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് കർണാടക തൊഴിൽ നയം 2022-25 എന്ന് നിയമമന്ത്രി ജെ.സി.മധുസ്വാമി പറഞ്ഞു.ആദ്യഘട്ടത്തിൽ ഗാർമെന്റസ്, ടെക്സ്റ്റൈൽസ് മേഖലകളിലാണ് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുക.
കമ്പനികളുടെ കാറ്റഗറി പ്രകാരം 35% മുതൽ 50% വരെ തദ്ദേശീയരെ ജോലിക്ക് നിർബന്ധമായി നിയമിക്കണം. 20 പേർ ജോലി ചെയ്യുന്ന ചെറുകിട വ്യവസായ യൂണിറ്റിൽ 10 തദ്ദേശീയർക്ക് ജോലി ഉറപ്പ് നൽകണം.പുതിയ മാനദണ്ഡമനുസരിച്ച് കമ്പനികൾ അധികമായി നിക്ഷേപം നടത്തേണ്ടി വന്നാൽ കൂടുതൽ തൊഴിൽ അവസരങ്ങൾ തദ്ദേശീയർക്കായി മാറ്റിവയ്ക്കണം.
കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പുതിയ തൊഴിൽ നയം ആദ്യമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിൽ ഗ്രൂപ്പ് സി, ഡി തസ്തികകളിൽ കന്നഡിഗർക്ക് 75% ജോലി സംവരണം ഉറപ്പുവരുത്താൻ 2 വർഷം മുൻപ് യെഡിയൂരപ്പ സർക്കാർ നിയമ നിർമാണം നടത്തിയിരുന്നു.