Home Featured ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച നടി അപർണ, നടൻ സൂര്യയും അജയ് ദേവ്ഗണും, സഹനടൻ ബിജു മേനോൻ, സംവിധായകൻ സച്ചി

ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച നടി അപർണ, നടൻ സൂര്യയും അജയ് ദേവ്ഗണും, സഹനടൻ ബിജു മേനോൻ, സംവിധായകൻ സച്ചി

ദില്ലി : 68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു (68th National Film Awards 2022). സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ​ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ​ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംവിധായകന്‍( സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍. തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി. 

മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരറൈ പോട്രി’ലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി. മികച്ച മലയാള സിനിമ ‘തിങ്കളാഴ്‍ച നിശ്ചയം’ ആണ്. സെന്ന ഹെഗ്ഡെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

‘ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന്  നിഖില്‍ എസ് പ്രവീണിനും പുരസ്‍കാരം ലഭിച്ചു. അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം മികച്ച പുസ്‍തകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ). മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group