സാന്‍ഫ്രാന്‍സിസ്‌കോ : ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്. യുഎസില്‍ ഗര്‍ഭച്ഛിദ്രാവകാശം റദ്ദാക്കിയ സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആളുകള്‍ ധാരാളമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്.
ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസയോഗ്യമായ സോഴ്‌സുകളില്‍ നിന്ന് വിവരങ്ങളെത്തിക്കേണ്ടത് പ്രധാനമാണെന്നും ഇത് നിരന്തരം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും യൂട്യൂബ് പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത നാലാഴ്ച കൊണ്ട് വീഡിയോകള്‍ നീക്കം ചെയ്യാനാണ് തീരുമാനം. ഗര്‍ഭച്ഛിദ്രം നടത്തുന്നിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോകളും ക്യാന്‍സറിനോ വന്ധ്യതയ്‌ക്കോ കാരണമാകുന്ന അപകട സാധ്യതയുള്ള നിര്‍ദേശങ്ങളും നീക്കം ചെയ്യും.
നേരത്തേ ടിക്ടോക്കും ഇത്തരത്തില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്തുന്ന വീഡിയോകള്‍ നീക്കം ചെയ്യുമെന്നറിയിച്ചിരുന്നു. ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ലൊക്കേഷന്‍ ഡാറ്റ ഡിലീറ്റ് ചെയ്യുമെന്ന് ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്.