ബെംഗളൂരു : ഓഗസ്റ്റ് 15ന് എല്ലാ വീടുകളിലും പതാക (ഹർ ഘർ തിരംഗ) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 1 കോടി ദേശീയ പതാക ഉയർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സ്വാതന്ത്ര്യം നേടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉയർത്താൻ 5 ലക്ഷം പതാകകൾ നിർമിച്ചു കഴിഞ്ഞു. 45 ലക്ഷം പതാകകൾ കൂടി ഓഗസ്റ്റ് ആദ്യവാരം എത്തും.
ദേശീയ പതാക നിർമിക്കുന്ന ഹുബ്ബള്ളിയിലെ കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘിനാണ് കൂടുതൽ ഓർഡറുകൾ നൽകിയിരിക്കുന്നത്. സ്വാതന്ത്യ ദിനത്തിന്റെ 2 ദിവസം മുൻപേ പതാകകൾ ഉയർത്താൻ അനുമതി നൽകിയിട്ടുണ്ട്. എൻസിസി, യുവ കേന്ദ്ര, എൻഎസ്എസ്, എക്സ് സർവീസ്മെൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പതാക വിതരണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ പശ്ചിമ റെയിൽ വേയുടെ 4 സ്റ്റേഷനുകളിൽ ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കും. ഹാവേരി, മദൂർ, ധാർവാഡ്, വിദുരാശ്വത സ്റ്റേഷനുകളിലാണ് ആഘോഷം നടപ്പിലാക്കുന്നത്. മൈസൂരു കെഎസർ ബെംഗളൂരു ടിപ്പു എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു മിറാജ് റാണി ചെന്നമ്മ എക്സ്പ്രസ് ട്രെയിനുകൾ സ്വാതന്ത്ര്യ സമര സേനാനികൾ ഫ്ലാഗ് ഓഫ് ചെയ്യും.