Home Uncategorized മകന്റെ സുഹൃത്തിന് എന്നും ടിഫിന്‍ ബോക്സൊരുക്കി അമ്മ; സ്നേഹം മാത്രം മതിയെന്ന് കുറിപ്പും

മകന്റെ സുഹൃത്തിന് എന്നും ടിഫിന്‍ ബോക്സൊരുക്കി അമ്മ; സ്നേഹം മാത്രം മതിയെന്ന് കുറിപ്പും

വീട്ടില്‍ നിന്നും മാറി ഹോസ്റ്റലുകളിലും മറ്റും നില്‍ക്കുമ്ബോള്‍ പലര്‍ക്കും ഏറ്റവുമ​ധികം മിസ് ചെയ്യുന്ന ഒന്നാണ് വീട്ടിലെ ഭക്ഷണം (Home Food).ചിലപ്പോള്‍ സ്കൂളിനോ കോളേജിനോ ഒക്കെ അടുത്ത് വീടുള്ള സുഹൃത്തുക്കള്‍ ഈ വിഷമം ഒരു പരിധി വരെ പരിഹരിക്കാറുമുണ്ട്. തങ്ങളുടെ കൂട്ടുകാര്‍ക്കുള്ള ഭക്ഷണം കൂടി അവര്‍ കരുതിയിട്ടുണ്ടാകും. അത്തരമൊരു സംഭവമാണ് ട്വിറ്ററില്‍ (Twitter) ഒരു പെണ്‍കുട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാരന്റെ അമ്മയെക്കുറിച്ചാണ് പോസ്റ്റ്.

”മെസില്‍ നിന്നും കിട്ടുന്ന ഭക്ഷണത്തെക്കുറിച്ച്‌ സുഹൃത്തിനോട് എപ്പോഴും പരാതി പറയുമായിരുന്നു. അവന്‍ അക്കാര്യം അവന്റെ അമ്മയോട് പറഞ്ഞു. അതിനു ശേഷം മിക്കവാറും എല്ലാ ദിവസവും അവന്റെ അമ്മ എനിക്കുള്ള ഭക്ഷണം ഇങ്ങനെ കൊടുത്തു വിടുകയാണ്”, ടിഫിന്‍ ബോക്സിന്റെ ചിത്രം സഹിതം പെണ്‍കുട്ടി ട്വീറ്റ് ചെയ്തു.

പക്ഷേ എന്നും ഇങ്ങനെ കൂട്ടുകാരന്റെ വീട്ടില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം സ്വീകരിക്കുന്നതില്‍ തനിക്കല്‍പം മടിയുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. തിരികെ ഒന്നും നല്‍കാതെ, കാലിയായ ടിഫിന്‍ ബോക്സ് ദിവസവും തിരിച്ചു കൊടുത്തു വിടുന്നതിലും അവള്‍ക്ക് വിഷമുണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം, അവള്‍ക്ക് ടിഫിനൊപ്പം സുഹൃത്തിന്റെ അമ്മയില്‍ നിന്ന് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ലഭിച്ചു. ”ഭക്ഷണം ആസ്വദിച്ചു കഴിക്കൂ. അമ്മയ്ക്ക് കാലിപ്പാത്രങ്ങള്‍ തിരികെ നല്‍കുന്നതില്‍ കുട്ടികള്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ സ്നേഹം നല്‍കിയാല്‍ മതി. ദൈവം അനുഗ്രഹിക്കട്ടെ”, എന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്.

ട്വീറ്റിനു താഴെ ഈ സ്നേഹനിധിയായ അമ്മയെ പ്രശംസിച്ചും അഭിനന്ദിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് മറ്റൊരാള്‍ കുറിച്ചു. സ്കൂള്‍ കാലഘട്ടത്തില്‍ കൂട്ടുകാരെ തമ്മില്‍ ഒന്നിപ്പിച്ചിരുന്ന ഘടകമാണ് ഭക്ഷണം എന്നും ചിലര്‍ കമന്റ് ബോക്സില്‍ ട്വീറ്റ് ചെയ്തു.

സുഹൃത്തുക്കളുടെ ഇടയില്‍ മാത്രമല്ല, പല ബന്ധങ്ങളും ആരംഭിക്കാനും ചിലരോട് സ്നേഹം തോന്നാനുമൊക്കെയുള്ള ഒരു കണ്ണിയായി ഭക്ഷണം ചിലപ്പോള്‍ മാറാറുണ്ട്. ഡെലിവറി ബോയി അറസ്റ്റിലായതിനെ തുടര്‍ന്ന് പോലീസുകാരന്‍ ആ ജോലി ഏറ്റെടുത്ത് ഉപഭോക്താവിന് ഭക്ഷണമെത്തിച്ച വാര്‍ത്ത മുന്‍പ് വൈറലായിരുന്നു. ഒരു ട്രാഫിക് പോയിന്റില്‍ വച്ച്‌ ഡെലിവറി ബോയി അറസ്റ്റിലായതിനെ തുടര്‍ന്നാണ് പോലീസുകാരന്‍ ഡെലിവറി ബോയിയുടെ ജോലി ഏറ്റെടുത്തത്.

അറസ്റ്റിലായതോടെ ഡെലിവറി ബോയ്ക്ക് തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആശയക്കുഴപ്പത്തിലായി. കാരണം ഭക്ഷണം പാഴാക്കുന്നത് ഇയാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. തുടര്‍ന്നാണ്‌ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ തീരുമാനിച്ചത്. ചൈനയിലായിരുന്നു സംഭവം. ഓര്‍ഡര്‍ നല്‍കിയ സ്ത്രീ ആദ്യം പോലീസിനെ കണ്ട് അമ്ബരന്നെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ അവര്‍ ആശ്വസിക്കുകയും തനിക്ക് ഭക്ഷണം കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥന്‌ നന്ദി പറയുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group