സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങളൊക്കെ യഥാര്‍ഥത്തില്‍ ചിലപ്പോള്‍ സംഭവിയ്ക്കാറുണ്ട്. അല്ലെങ്കില്‍ ഓരോ സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലുമൊക്കെ എത്തിപ്പെടുമ്പോള്‍ ഇതിന് മുമ്പ് നമ്മളിത് അനുഭവിച്ചിട്ടുണ്ടല്ലോ എന്ന തോന്നലെങ്കിലും നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ സ്വപ്നത്തില്‍ കണ്ട നമ്പറില്‍ ലോട്ടറിയടിച്ചതായി ഇതിന് മുമ്പ് കേട്ടിട്ടുണ്ടോ ? അതും ഒരു കോടി രൂപയുടെ ബമ്പര്‍ ലോട്ടറി ? അങ്ങനെ ഒരു സംഭവമുണ്ടായിരിക്കുകയാണ് യുഎസില്‍. വിര്‍ജീനിയ സ്വദേശിയായ അലോണ്‍സോ കോള്‍മാനാണ് ലോട്ടറിയടിച്ചിരിക്കുന്നത്. സ്വപ്നത്തില്‍ കണ്ട അതേ നമ്പരിലാണ് ലോട്ടറിയെടുത്തതെന്നാണ് കോള്‍മാന്റെ വാദം. 250000 ഡോളര്‍ (ഏകദേശം 1.9 കോടി രൂപ) ആണ് ലോട്ടറി തുക.
ഹെന്റിക്കോയിലെ ഗ്ലെന്‍സൈഡ് കോര്‍ണര്‍ മാര്‍ട്ടില്‍ നിന്നാണ് അലോന്‍സോ തന്റെ ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. കൃത്യമായി സ്വപ്നത്തില്‍ കണ്ട ആറ് നമ്പരുകള്‍ തന്നെ തിരഞ്ഞെടുത്തു. 13.14.15.16.17.18 എന്നിങ്ങനെ ആയിരുന്നു നമ്പര്‍ സീരീസ്. നാല് സെറ്റുകള്‍ എടുത്തതില്‍ ഒന്നിനാണ് സമ്മാനം.
ജൂണ്‍ 11ന് റിസള്‍ട്ട് പ്രസിദ്ധീകരിച്ചപ്പോളാണ് തന്റെ നമ്പറില്‍ ഭാഗ്യം കടാക്ഷിച്ചതായി കോള്മാനറിയുന്നത്. ലോട്ടറി അടിച്ച വിവരം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും സ്വപ്നത്തില്‍ തനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ആറ് നമ്പരുകള്‍ക്ക് നന്ദി എന്നും സമ്മാനം വാങ്ങിയ ശേഷം കോള്മാന് പ്രതികരിച്ചു.