തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേരളത്തില്‍ സജീവ ചര്‍ച്ചയായ സ്വപ്ന സുരേഷിന്റെ മകള്‍ ഗൗരി വിവാഹിതയായി. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് വരന്. ഇന്ന് രാവിലെ 9.30തോടെ മണ്ണന്തല ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുന്നൊരുക്കങ്ങളെല്ലാം രഹസ്യമായിട്ടായിരുന്നു. സ്വപ്ന ചടങ്ങില്‍ പങ്കെടുത്തില്ല.
സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്. ഏറെ നാളായുള്ള മകളുടെ പ്രണയമാണിത്. മകളുടെ ആഗ്രഹത്തിന് വഴങ്ങിയാണ് കൃഷ്ണകുമാര്‍ വിവാഹം നടത്തിയതെന്നാണ് വിവരം. പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു.
വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയതിന് ശേഷം അത് വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സ്വപ്ന കുടുംബത്തോടെ നാടുവിട്ടിരുന്നു. അന്ന് സ്വപ്നയ്ക്കായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിക്കാതിരുന്നതിനാല്‍ ഏറെ ശ്രമകരമായാണ് രഹസ്യാന്വേഷണ വിഭാഗം നീക്കങ്ങള്‍ നടത്തിയത്. സ്വപ്നയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായതോടെ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയിരുന്നു.
കേരളത്തില്‍ നിന്ന് പോകുന്നതിന് മുന്‍പ് സ്വപ്നയുടെ ഫോണില്‍ നിന്നും ദീര്‍ഘനേരം സംസാരിച്ച നമ്ബരുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരംപാറയിലെ ഈ യുവാവിന്റെ നമ്ബരും കണ്ടെത്തിയിരുന്നു. സ്വപ്ന തലസ്ഥാനത്ത് നിന്ന് പോയതിന് ശേഷം ഈ യുവാവിന്റെ നമ്ബരിലേക്ക് കേരളത്തിന് പുറത്ത് നിന്ന് കോളുകള്‍ വരുന്നതായി കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് രസഹസ്യാന്വേഷണ വിഭാഗം യുവാവിനെ കസ്റ്റഡിയിലെടുത്ത് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് സ്വപ്ന ബാംഗ്ലൂരിലാണെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മകളുടെ വിവാഹത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താത്തതെന്നാണ് സൂചന. കൊച്ചിയിലാണ് സ്വപ്ന ഉള്ളതെന്നാണ് സൂചന.