Home Featured കർണാടക:വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു, വീട്ടുടമയെ ഭീഷണിപ്പെടുത്തി; ‘ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലും

കർണാടക:വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു, വീട്ടുടമയെ ഭീഷണിപ്പെടുത്തി; ‘ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലും

മംഗളൂരു: ചിത്രദ്രുഗ ജില്ലയിലെ മല്ലേനു ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച്‌ സംഘ്പരിവാര്‍ അനുകൂലികള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി ബൈബിള്‍ കത്തിച്ചു.വീട്ടുടമസ്ഥയായ 62കാരിയെ ഭീഷണിപ്പെടുത്തുകയും ബൈബിള്‍ കത്തിക്കുകയും ചെയ്യുന്ന വീഡിയോ ഇവര്‍ പുറത്തുവിട്ടു. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടി​ല്ലെന്ന് പൊലീസ് പറഞ്ഞു.ചൊവ്വാഴ്ച രാത്രി എങ്കതമ്മ (62) എന്ന സ്ത്രീയുടെ വീട്ടിലാണ് അതിക്രമം അരങ്ങേറിയത്.

ഏതാനും സ്ത്രീകള്‍ വീടിനുള്ളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെയാണ് സംഭവം. ഇതിനി​ടെ കാവിയണിഞ്ഞ ഒരു സംഘം വീട്ടില്‍ അതിക്രമിച്ച്‌ കയറി പ്രാര്‍ത്ഥന തടസ്സപ്പെടുത്തി. പ്രാര്‍ത്ഥിക്കാനെത്തിയ രണ്ട് സ്ത്രീകളെ ഇവര്‍ ബലം പ്രയോഗിച്ച്‌ പറഞ്ഞയച്ചു.’ഈ ഗ്രാമത്തില്‍ ഏതെങ്കിലും ക്രിസ്ത്യന്‍ പുരോഹിതന്‍ വന്നാല്‍ ഞങ്ങള്‍ അവനെ തല്ലിക്കൊല്ലും.

നിങ്ങള്‍ക്ക് ഞങ്ങള്‍ പറയുന്നതില്‍ വിശ്വാസമില്ലെങ്കില്‍ ഇപ്പോള്‍ വിളിക്കൂ, ഞങ്ങള്‍ കാണിച്ചുതരാം. നിനക്ക് ക്രിസ്തുമതം ആചരിക്കണമെങ്കില്‍ അത് ചെയ്യുക, എന്നാല്‍ പ്രാര്‍ത്ഥനയുടെ പേരില്‍ അയല്‍ക്കാരെ വീട്ടിലേക്ക് വിളിച്ച്‌ മതപരിവര്‍ത്തനം നടത്തരുത്’ -അക്രമിസംഘം എങ്കതമ്മയെ ഭീഷണിപ്പെടുത്തുന്നത് വിഡിയോയില്‍ കാണാം. വാക്കുതര്‍ക്കത്തിനിടെ ബൈബിള്‍ തട്ടിപ്പറിച്ച്‌ വീടിന് മുന്നിലിട്ട് കത്തിക്കുകയായിരുന്നു.

അതേസമയം, എങ്കതമ്മ അസുഖത്തെ തുടര്‍ന്ന് ഹിരിയൂരിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനക്ക് പോയിരുന്നുവെന്നും രോഗം ഭേദമായതോടെ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.”എങ്കതമ്മക്ക് സുഖമില്ലാത്തതിനാല്‍ ഹിരിയൂരിലെ ഒരു പള്ളിയില്‍ പോയിരുന്നു. ഇക്കാര്യം അവര്‍ തന്റെ പിതാവ് രാമ നായിക്കിനെയും അറിയിച്ചിരുന്നു.

തുടര്‍ന്ന് പള്ളിക്കാര്‍ ഏങ്കതമ്മയുടെ വീട്ടില്‍വന്നു വൈകുന്നേരം പ്രാര്‍ത്ഥന നടത്തി. അവര്‍ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ഒരുസംഘം വീട്ടില്‍കയറി ബഹളം ഉണ്ടാക്കുകയും എന്തിനാണ് വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നത് എന്ന് ചോദിക്കുകയും ചെയ്തു’-ചിത്രദുര്‍ഗ എസ്.പി പരശുരാമന്‍ പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ ​കേസെടുത്തി​​ല്ലെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group