ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപ്ലോഡ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം ഉടന്‍ തങ്ങളുടെ യൂസര്‍മാരോട് നിര്‍ദേശിക്കുമെന്ന് റിപ്പോര്‍ട്ട്. യൂസര്‍മാര്‍ക്ക് തങ്ങളുടെ പ്രായം സ്ഥിരീകരിക്കാനെന്ന പേരിലാണ് വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുക. ഉടന്‍ നടപ്പാക്കുന്ന ഇക്കാര്യം ഇന്‍സ്റ്റഗ്രാം തന്നെയാണ് അറിയിച്ചത്.
നിങ്ങളുടെ പ്രൊഫൈലിലെ ജനനത്തീയതി എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇത് തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഓപ്ഷന് പ്രത്യക്ഷപ്പെടും. ഐ.ഡി അപ്ലോഡ് ചെയ്യുക, അല്ലെങ്കില്‍ വീഡിയോ സെല്‍ഫി റെക്കോഡ് ചെയ്ത് അയക്കുക, അതുമല്ലെങ്കില്‍ മ്യൂച്വല്‍ ഫ്രണ്ട്സിനോട് നിങ്ങളുടെ പ്രായം സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടുക എന്നിങ്ങനെ ഓപ്ഷനുകളാണ് ലഭ്യമാകുക.
പുതിയ ഓപ്ഷനുകള്‍ ആദ്യം അമേരിക്കയിലാകും പരീക്ഷിക്കുക. ‘നിങ്ങളുടെ ഐ.ഡി ഞങ്ങളുടെ സെര്‍വറുകളില്‍ സുരക്ഷിതമായി സ്റ്റോര്‍ ചെയ്യും. 30 ദിവസത്തിനകം ഇത് സ്വയം ഡിലീറ്റ് ചെയ്യപ്പെടും’ -ഇന്‍സ്റ്റഗ്രാം പറയുന്നു. നേരത്തെ, ഇന്‍സ്റ്റഗ്രാമിലെ ഉള്ളടക്കത്തില്‍ അക്രമദൃശ്യങ്ങള്‍ 86 ശതമാനം വര്‍ധിച്ചെന്ന് ഉടമസ്ഥരായ മെറ്റ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഉള്ളടക്കം ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്ബ് തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും മെറ്റ അവകാശപ്പെട്ടിരുന്നു.