Home Featured നാമനിര്‍ദ്ദേശ പത്രിക നല്‍കി എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു; എത്തിയത് മോദിക്കൊപ്പം

നാമനിര്‍ദ്ദേശ പത്രിക നല്‍കി എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു; എത്തിയത് മോദിക്കൊപ്പം

ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർക്കൊപ്പമാണ് ദ്രൗപതി മുര്‍മു പത്രികാ സമര്‍പ്പിക്കാനെത്തിയത്. സഖ്യകക്ഷി നേതാക്കൾക്കൊപ്പം ബിജു ജനതാദള്‍, വൈഎസ്ആര്‍സിപി തുടങ്ങിയ പാർട്ടികളിൽ നിന്നും പ്രതിനിധികളുണ്ടായിരുന്നു.

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ദില്ലിയിലെത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാനവർഗ്ഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും, രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്.

നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.വെങ്കയ്യ നായിഡു, കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരി​ഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാ​ഗത്തിൽ നിന്നുൾപ്പെട്ടതുമായ വിലേക്ക് ബിജെപി എത്തിയത്.

ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2013ൽ ഒഡീഷയിലെ പാർട്ടിയുടെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി.

ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം).

2015ൽ ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.

1958 ജൂൺ 20നാണ് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ​ഗ്രാമത്തിൽ ആണ് ദ്രൗപതി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ തുഡുവാണ് പിതാവ്. ആദിവാസി വിഭാ​ഗമായ സാന്താൾ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമൻസ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം.

ശ്യാംചരൺ മുർമുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടാൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. എന്നാൽ ഭർത്താവും രണ്ടാൺകുട്ടികളും മരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group