തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന തെലുങ്ക് താരം നാഗചൈതന്യ പ്രണയത്തിലാണെന്ന വാർത്ത. ഇക്കാര്യം ആരാധകർ കാര്യമായി ആഘോഷിക്കുകയും ചെയ്തു. നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്നായിരുന്നു റിപ്പോർട്ടുകൾ. ജൂബിലി ഹിൽസിലെ നാഗചൈതന്യയുടെ പുതിയ ബംഗ്ലാവിലേക്ക് ശോഭിത അതിഥിയായി എത്തിയത് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്ക് തെളിവായി ചില മാധ്യമങ്ങൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത് വെറും ഗോസിപ്പ് ആണെന്നാണ് നാഗചൈതന്യയുടെ ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്. താരം പ്രണയത്തിൽ അല്ലെന്നും ഇത്തരം വാർത്തകൾ പരത്തുന്നത് നാഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാൻ വേണ്ടിയാണെന്നും ആരാധകർ ആരോപിക്കുന്നു.
ഈ വാർത്തകൾക്ക് പിന്നിൽ താരത്തിന്റെ മുൻഭാര്യയും നടിയുമായ സാമന്തയുടെ പിആർ ടീമാണെന്നാണ് നടന്റെ ആരാധകർ പറയുന്നത്. ഈ വാർത്തയും മാധ്യമങ്ങള് ഏറ്റുപിടിച്ചതോടെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി നൽകിയിരിക്കുന്നത്.
ഒരു പെൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി പറഞ്ഞുണ്ടാക്കിയത്. ഒന്ന് പക്വതയോടെ പെരുമാറിക്കൂടെ? ആദ്യം നിങ്ങൾ പോയി നിങ്ങളുടെ ജോലിയും നിങ്ങളുടെ കുടുംബവും നോക്കൂ.- എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചത്.
2017 ൽ വിവാഹിതരായ നാഗചൈതന്യയും സാമന്തയും നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേർപിരിഞ്ഞത്. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനത്തിന് ശേഷം വൈകാരികമായ കുറിപ്പ് സാമന്തയ്ക്കായി നാഗചൈതന്യയുടെ പിതാവ് നാഗാർജ്ജുന പങ്കുവെച്ചിരുന്നു.
പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് നാഗചൈതന്യയും സാമന്തയും. താങ്ക്യൂ ആണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ.