ബെംഗളൂരു: അലയൻസ് എയറിന്റെ ബെംഗളൂരു -കൊച്ചി വിമാനത്തിൽ ഭിന്നശേഷിക്കാരിയായ ചിത്രകാരിയെ ഓട്ടമാറ്റിക് വീൽചെയർ ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്നു പരാതി. രാജ്യാന്തര അംഗീകാരങ്ങൾ നേടിയ അലഹാബാദ് സ്വദേശി സരിത ദ്വിവേദിയാണു പരാതി നൽകിയത്.9ഐ505 വിമാനത്തിൽ കൊച്ചിയിലേക്കു പോകാൻ എത്തിയതായിരുന്നു സരിത.
ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വീൽചെയർ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ വിമാനത്തിൽ കയറ്റാനാകില്ലെന്നു പറഞ്ഞു ജീവനക്കാർ തടഞ്ഞു. ബാറ്ററി നീക്കം ചെയ്യാമെന്നു പറഞ്ഞെങ്കിലും അനുവദിച്ചില്ല. തുടർന്ന് 3 മണിക്കൂറിനുശേഷം മറ്റൊരു വിമാനത്തിൽ യാത്ര തുടർന്നു.4-ാം വയസ്സിൽ വൈദ്യുത ഷോക്കേറ്റാണു സരിതയ്ക്കു കൈകളും വലതുകാലും നഷ്ടമായത്.
പരിമിതികളെയെല്ലാം അതിജീവിച്ച് ചിത്രരചനാ രംഗത്തെ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ സരിതയുടെ ജീവിതകഥ എൻസിഇആർടിയുടെ ആറാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലുണ്ട്. പരാതി പരിശോധിച്ചു വരുന്നതായി അലയൻസ് എയർ അറിയിച്ചു.