ബെംഗളൂരു: കർണാടകയിൽ 28,000 കോടി രൂപയുടെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.രണ്ട് ദിവസത്തെ സന്ദർശനത്തിനായിസംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിക്ക് ജനങ്ങൾവൻ സ്വീകരണമാണ് നൽകിയത്.
ബെംഗളൂരുവിലെത്തിയ അദ്ദേഹം ആദ്യം ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) യിൽ മസ്തിഷ്ക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പിന്നീട് 832 കിടക്കകളുള്ള ബാഗി-പാർത്ഥസാരഥി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് തറക്കല്ലിട്ടു. ബെംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് (ബേസ്) സർവ്വകലാശാലയുടെ പുതിയ കാമ്ബസിന്റെ ഉദ്ഘാടനവും അംബേദ്കറുടെ പ്രതിമയുടെ അനാച്ഛാദനവും നിർവഹിച്ചു.
കർണാടകയിലെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളെ (ഐടിഐ) രൂപാന്തരപ്പെടുത്തി വികസിപ്പിച്ച 150 സാങ്കേതിക ഹബ്ബുകൾ രാഷ്ട്രത്തിന് സമർപ്പിച്ചു. കൊമ്മഘട്ടയിൽ 27,000 കോടി രൂപ ചെലവുവരുന്ന വിവിധ റെയിൽ, റോഡ് പശ്ചാത്തലസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു.
ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്കു തിടക്കം കുറിച്ചു. ബംഗളൂരു കന്റോൺമെന്റിന്റേയും യശ്വന്ത്പൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷന്റേയും പുനർവികസനത്തിനും തറക്കല്ലിട്ടു.
രാജ്യത്ത ആദ്യ എയർ കണ്ടീഷൻഡ് റെയിൽവേസ്റ്റേഷനായ, 315 കോടി രൂപ ചെലവിൽ ആധുനിക വിമാനത്താവളത്തിന്റെ മാതൃകയിൽ വികസിപ്പിച്ച ബൈയപ്പനഹള്ളിയിലെ സർ എം.വിശ്വേശ്വരയ്യ സ്റ്റേഷൻ, 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കിയ രോഹ (മഹാരാഷ്ട്ര) മുതൽ തോക്കൂർ (കർണാടക) വരെയുള്ള കൊങ്കൺ റെയിൽവേ പാത, അർസികെരെ മുതൽ തുംകുരു വരെയും, യെലഹങ്ക മുതൽ പെനുകൊണ്ട വരെയുമുള്ള പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ തുടങ്ങിയവ രാഷ്ട്രത്തിനു സമർപ്പിച്ചു.
മുദ്ദലിംഗനഹള്ളിയിൽ 1800 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന ബഹുമാതൃകാ ലോജിസ്റ്റിക് പാർക്കിനു തറക്കല്ലിട്ടു.മൈസൂരുവിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ പൊതു പരിപാടിയെ അഭിസംബോധന ചെയ്തു. നാഗനഹള്ളി റെയിൽവേ സ്റ്റേഷനിൽ കോച്ചിങ് ടെർമിനലിനു തറക്കല്ലിട്ടു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (എഐഐഎസ്എച്ച്) ആശയവിനിമയ വൈകല്യമുള്ളവർക്കുള്ള (കമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്സ്) മികവിന്റെ കേന്ദ്രം രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
കർണാടക ഗവർണർ താവർ ചന്ദ് ഗൊട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, മന്ത്രിമാരായ ബി. ശ്രീരാമുലു, വി. സുനിൽ കുമാർ, ഡോ. അശ്വത് നാരായൺ, തേജസ്വി സൂര്യ എംപി തുടങ്ങിയവർ പ്രധാനമന്ത്രിയോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു.