Home Featured ഓളങ്ങള്‍ തീര്‍ത്ത് ശിഹാബിന്‍റെ ഹജ്ജ് യാത്ര കര്‍ണാടക പിന്നിടുന്നു: ഇന്ന് ഗോവയില്‍ പ്രവേശിക്കും

ഓളങ്ങള്‍ തീര്‍ത്ത് ശിഹാബിന്‍റെ ഹജ്ജ് യാത്ര കര്‍ണാടക പിന്നിടുന്നു: ഇന്ന് ഗോവയില്‍ പ്രവേശിക്കും

മലപ്പുറം: ഹജ്ജ് നിര്‍വഹിക്കാന്‍ കാല്‍നടയായി മലപ്പുറം ജില്ലയിലെ ആതവനാടുനിന്ന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്‍റെ യാത്ര കേരളവും കര്‍ണാടകയും കടന്ന് ഗോവയിലേക്ക്.ഞായറാഴ്ച ഉച്ചയോടെ ഗോവയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കര്‍ണാടകയില്‍ ശിഹാബിനെ അനുഗമിക്കുന്ന സുഹൃത്ത് ശിഹാസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ അങ്കോളയില്‍നിന്ന് തിരിച്ച ശിഹാബ് വൈകീട്ടോടെ ഗോവ അതിര്‍ത്തിയില്‍നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കാര്‍വാറില്‍ 17ാം ദിവസത്തെ യാത്ര അവസാനിപ്പിച്ചു. ഇതുവരെ 560 കിലോമീറ്ററാണ് പിന്നിട്ടത്. ദിനേന 35 മുതല്‍ 40 വരെ കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്.

ഇടക്ക് പള്ളികളിലും മറ്റും വിശ്രമിച്ചാണ് യാത്ര.അങ്കോളക്കും കാര്‍വാറിനുമിടയില്‍ റോഡരികില്‍ പള്ളികള്‍ കുറവായതിനാല്‍ വിശ്രമം കുറഞ്ഞു. ഇതിനാല്‍, 33 കിലോമീറ്റര്‍ മാത്രമാണ് ശനിയാഴ്ച സഞ്ചരിച്ചതെന്ന് ശിഹാസ് പറഞ്ഞു. മഹാരാഷ്ട്ര പിന്നിടുന്നതു വരെയുള്ള യാത്രക്കാവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

ബന്ധുക്കളിലും സുഹൃത്തുക്കളിലും പെട്ടവര്‍ ശിഹാബിനെ ഊഴമിട്ട് അനുഗമിക്കുന്നുണ്ട്. ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന വഴി പഞ്ചാബിലെ വാഗ അതിര്‍ത്തി പിന്നിടാനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. യാത്രക്ക് കര്‍ണാടകയില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്.പലയിടത്തും സ്വീകരിക്കാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകളെത്തി.

മംഗലാപുരം, ഉഡുപ്പി, കുന്ദാപുര, ഭട്കല്‍, മുരുദേശ്വര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡരികിലും പള്ളികളിലും വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായിരുന്നത്. പള്ളി -മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബാനര്‍ പിടിച്ച്‌ സംഘമായി അനുഗമിച്ചിരുന്നു. റോഡരികില്‍ ശീതളപാനീയമടക്കം ശിഹാബിനും അനുഗമിക്കുന്നവര്‍ക്കുമായി ഒരുക്കി.

പലയിടത്തും പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. കുംത ടൗണില്‍ ഓഡിറ്റോറിയത്തിലാണ് സ്വീകരണം നല്‍കിയത്. മലയാളം, കന്നട വ്ലോഗര്‍മാരും ശിഹാബിനെ അനുഗമിക്കുന്നുണ്ട്. യാത്രയുടെ അതത് ദിവസത്തെ വിവരങ്ങളറിയാന്‍ ശിഹാബിന്‍റെ യൂട്യൂബ് ചാനല്‍ മൂന്നര ലക്ഷത്തോളം പേരാണ് പിന്തുടരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group