മാനന്തവാടി: കുടകിലെ ഗോണിക്കുപ്പയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനു മുന്നില്‍ വ്യാജമായി അപകടം സൃഷ്ടിച്ച് യാത്രക്കാരില്‍ നിന്ന് രണ്ട് ലക്ഷത്തിനാല്‍പ്പതിനായിരം രൂപ കൊള്ളയടിച്ച സംഭവത്തില്‍ മാനന്തവാടി സ്വദേശികളായ രണ്ട് പേര് ഉള്‍പ്പെടെ എട്ടംഗ മലയാളി സംഘം അറസ്റ്റില്‍.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ സി.ജെ ജിജോ (31), മുസ്ലിയാര് വീട്ടില്‍ ജംഷീര്‍ (29) എന്നിവര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെയാണ് വിരാജ്പേട്ട ഡിവൈ.എസ്.പിയും സംഘവും അറസ്റ്റുചെയ്തതത്.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ പൊലീസ് പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്.ഷെറിന്‍ലാല്‍ (30), ജി.അര്ജുന് (32), തിരുവങ്ങാട് സ്വദേശി ഇ.സി.ലനേഷ് (40), ചമ്ബാട് സ്വദേശി കെ.കെ.അക്ഷയ് (27), പന്ന്യന്നൂര്‍ സ്വദേശി സി.കെ.ആകാശ് (27) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ബംഗളൂരുവില്‍ നിന്ന് പാനൂരിലേക്ക് വരികയായിരുന്ന കാര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി രണ്ടര ലക്ഷത്തോളം രൂപ സംഘം കവര്‍ന്നു. ബംഗളൂരു മഡിവാളയില്‍ ഹോട്ടല്‍ നടത്തുവാനായി മുറി നോക്കാന്‍ പോയി നാട്ടിലേക്ക് മടങ്ങവേയാണ് കവര്‍ച്ചയ്ക്കിരയായത്. ഇന്നോവ കാറിലും, ഐടെന്‍ കാറിലുമായി എത്തിയ സംഘമാണ് അക്രമം നടത്തിയത്.
ഗോണിക്കുപ്പയില്‍ വെച്ച് പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ മനപ്പൂര്‍വ്വം തട്ടുകയും, ഐ ടെന്‍ കാറില്‍ പുറകെയെത്തിയ സംഘത്തിന്റെ കൂട്ടാളികള്‍ കാറില്‍ കഞ്ചാവും എംഡിഎംയും സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാറിലുള്ളവരെ പുറത്തേക്ക് വലിച്ചിറക്കി ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച പണവുമായി കടന്നു കളയുകയായിരുന്നു .
വിരാജ്പേട്ട പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി നിരഞ്ചന് രാജരസിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായവരില്‍ ചിലര്‍ മുമ്ബും വിവിധ കേസുകളില്‍ പ്രതികളാണെന്നും കേരള പൊലീസുമായി ബന്ധപെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു. പാണ്ടിക്കടവ് സ്വദേശി ജിജോ മുമ്ബ് മാനന്തവാടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയതുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ്.