Home Featured കര്‍ണാടക പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് അഴിമതി: എസ്.െഎ അറസ്റ്റില്‍

കര്‍ണാടക പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് അഴിമതി: എസ്.െഎ അറസ്റ്റില്‍

ബംഗലൂരു: കര്‍ണാടക സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് അഴിമതി കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഉദ്യോഗാര്‍ഥികള്‍ക്കും ഒ.എം.ആര്‍ ഷീറ്റില്‍ കൃത്രിമം കാട്ടിയ തട്ടിപ്പുകാര്‍ക്കും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിനാണ് വെസ്റ്റ് ഡിവിഷന്‍ ബ്യാദരഹള്ളി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ കെ.ഹരീഷ് (30) പിടിയിലായത്.

ഇയാളെ പിന്നീട് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഗഡിയിലെ ചിക്കല്യ ഗ്രാമത്തില്‍ നിന്നുള്ള ഹരീഷ്, 2019 ബാച്ച്‌ സബ് ഇന്‍സ്പെക്ടറാണ്. പരീക്ഷ എഴുതിയ മൂന്ന് ഉദ്യോഗാര്‍ഥികളെ കൂടുതല്‍ മാര്‍ക്ക് നേടാന്‍ ഇയാള്‍ സഹായിച്ചെന്നാണ് കണ്ടെത്തല്‍. റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശാന്തകുമാറിനെ സി.ഐ.ഡി സംഘം മെയില്‍ കസ്റ്റഡിയിലെടുത്തിരുന്നു.

റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ 12 വര്‍ഷത്തോളം ശാന്തകുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന്റെ ചുമതല ശാന്തകുമാറിനായിരുന്നു. 20-ലധികം പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. കൂടാതെ, സെന്ററുകളുടെ അലോട്ട്‌മെന്റിന്റെ മേല്‍നോട്ടവും ഹാള്‍ ടിക്കറ്റ് നല്‍കുന്നതിനും ഇദ്ദേഹത്തിനായിരുന്നു ചുമതല.

2021 ഒക്ടോബറിലാണ് കര്‍ണാടക പൊലീസ് സേനയിലേക്ക് 545 സബ് ഇന്‍സ്‌പെക്ടര്‍മാരെ (പി.എസ്‌.ഐ) റിക്രൂട്ട് ചെയ്യുന്നതിനുള്ള പരീക്ഷ നടന്നത്. ഇന്‍വിജിലേറ്റര്‍മാരായി നിയോഗിക്കപ്പെട്ട കലബുറഗിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരോട് ഉദ്യോഗാര്‍ഥികളെ പരീക്ഷയില്‍ കോപ്പിയടിക്കുന്നതിന് സഹായിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചതായി സി.ഐ.ഡി സംഘം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കലബുറഗിയിലെ ജ്ഞാനജ്യോതി സ്‌കൂള്‍ പ്രസിഡന്റ് രാജേഷ് ഹഗരാഗി, സ്‌കൂളിലെ രണ്ട് അധ്യാപകര്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ഇക്കാര്യം സി.ഐ.ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group