Home Featured ജംഷിദിന്റെ മരണകാരണം നെഞ്ചിലും തലയ്ക്കും ഏറ്റ ക്ഷതം; മുറിവെല്ലാം മരണത്തിന് തൊട്ടുമുൻപ് ശരീരത്തിൽ ഗ്രീസിന്റെ അംശം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ജംഷിദിന്റെ മരണകാരണം നെഞ്ചിലും തലയ്ക്കും ഏറ്റ ക്ഷതം; മുറിവെല്ലാം മരണത്തിന് തൊട്ടുമുൻപ് ശരീരത്തിൽ ഗ്രീസിന്റെ അംശം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: കർണാടകത്തിലെ മാണ്ഡ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിലാകെ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിന് തൊട്ടുമുൻപ് ഉണ്ടായതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ശരീരത്തിൽ ഗ്രീസിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. മെയ് 11നാണ് ജംഷീദിനെ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ചതെന്നായിരുന്നു കൂട്ടുകാരുടെ മൊഴി. എന്നാൽ ഇത് വിശ്വാസയോഗ്യമല്ലെന്നും ട്രെയിൻ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിൽ ഇല്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. മരണത്തിന് പിന്നാലെ ജംഷീദിന്റെ ഫോൺ നഷ്ടപെട്ടതിൽ ദുരൂഹതയുണ്ട്.

മരണത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.ഒമാനിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് ശനിയാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് കർണാടകയിലേക്ക് പോയത്. സുഹൃത്ത് അഫ്സലും അവന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും വീട്ടിൽ അറിയിച്ചിരുന്നു. പിന്നീട് യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചു.

ഒരു കടയിൽ നിന്നാണ് വിളിക്കുന്നത് എന്നും അങ്ങോട്ട് വിളിച്ചാൽ കിട്ടില്ലെന്നും വീട്ടിൽ അറിയിച്ചിരുന്നു. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചപ്പോൾ കൂട്ടുകാരെ കാണാനില്ലെന്നും കയ്യിൽ പൈസയില്ലെന്നും പറഞ്ഞ് ജംഷിദ് വീണ്ടും വീട്ടിലേക്ക് വിളിച്ചെന്നും കുടുബം പറയുന്നു. അന്ന് അഫ്സൽ കൂടെയില്ലേ, അവന്റെ നമ്ബർ തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അഫ്സലും ഒപ്പമില്ലെന്ന് പറഞ്ഞെന്നും 1000 രൂപ അക്കൗണ്ടിൽ ഇട്ടുനൽകിയ ശേഷം ജംഷിദിനോട് തിരിച്ച് ട്രെയിൻ കയറാൻ പറഞ്ഞിരുന്നെന്നും ജംഷിദിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.

ഇതിനുശേഷം അന്വേഷിച്ചപ്പോഴാണ് ജംഷിദ് പോയത് അഫ്സലിനൊപ്പം അല്ലെന്നും ഫെബിൻഷാ, റിയാസ് എന്നിവർക്കൊപ്പമാണെന്നും മനസ്സിലാക്കിയത്. ഫെബിൻ ഷായുടെ നമ്ബർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നും ബുധനാഴ്ച നാട്ടിലെത്തുമെന്ന് ഫെബിൻഷാ പറഞ്ഞെന്നും ജംഷിദിന്റെ പിതാവ് പറഞ്ഞു. എന്നാൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഫെബിൻ ഷാ നാട്ടിലുള്ള ഒരു പൊതുപ്രവർത്തകന്റെ ഫോണിലേക്ക് വിളിച്ച് അപകടം പറ്റിയെന്നും ജംഷിദിന്റെ ബന്ധുക്കളേയും കൂട്ടി മാണ്ഡ്യയിലെത്താനും ആവശ്യപ്പെട്ടു.

അവിടെയെത്തിയപ്പോഴാണ് ജംഷിദ് മരിച്ചതായി അറിയുന്നത്. ചോദിച്ചപ്പോൾ യാത്രയ്ക്കിടെ മറ്റൂർ എന്ന സ്ഥലത്ത് കാർ നിർത്തി ഉറങ്ങിയെന്നും ഉണർന്നപ്പോൾ ജംഷിദിനെ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കൾ പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജംഷിദിനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടതെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ ഇത് കള്ളമാണെന്നാണ് ജംഷിദിന്റെ കുടുംബം ആരോപിക്കുന്നത്.

സംഭവത്തിൽ പോലീസിന്റെ നടപടികളിലും കുടുംബത്തിന് സംശയമുണ്ട്. ജംഷിദ് ട്രെയിനിനു മുന്നിലേക്കു ചാടിയെന്നാണ് പോലീസുകാർ പറഞ്ഞത്. കേസിൽ എഫ്.ഐ.ആർ ഇടാൻപോലും പോലീസിന് 10,000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും ജംഷിദിന്റെ പിതാവ് പറയുന്നു. മൃതദേഹം തിരക്കിട്ട് പോസ്റ്റ്മോർട്ടം നടത്തിയതിൽ ദുരൂഹതയുണ്ട്. ജംഷിദിന്റെ കൂടെയുണ്ടായിരുന്ന റിയാസിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും

റിയാസിനെ അടുത്തിടെ ലഹരിവസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നുവെന്നും മുഹമ്മദ് പിതാവ് ആരോപിച്ചു.

ലഹരിക്കടത്തിന് വേണ്ടി ഇവർ ജംഷിദിനെ ചതിക്കുകയായിരുന്നുവെന്നും കാർ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ ഇട്ടതാകാമെന്നുമാണ് കുടുംബത്തിന്റെ സംശയം. ജംഷിദിന്റെ ശരീരത്തിലുള്ള മുറിവുകൾ ട്രെയിൻ തട്ടിയുണ്ടായ രീതിയിലുള്ളതല്ലെന്നും പിതാവ് പറയുന്നു.

മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ജംഷിദിന്റേത് ആത്മഹത്യയാണെന്നും എൻജിൻ ഡ്രൈവർ ഇത് കണ്ടെന്നുമാണ് മാണ്ഡ്യ പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മാണ്ഡ്യ പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group