കലബുറഗി : കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു. കമലപുര ടൗണില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ബസ് ആളിക്കത്തുകയായിരുന്നു.
ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. എതിര്‍ദിശയില്‍ നിന്ന് വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ബസിന്റെ ഡീസല്‍ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നു. പിന്നാലെ ബസ് ആളിക്കത്തി. മരിച്ചവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ബസില്‍ 32 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 22 പേര്‍ ഓടി രക്ഷപെട്ടു. പരിക്കേറ്റവരെ കലബുറഗിയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ മിനി ലോറിയുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.