ന്യൂഡല്‍ഹി : ബെംഗളുരു വിമാനത്താവളത്തില്‍ ഒരേ സമയം രണ്ട് വിമാനങ്ങള്‍ പറന്നുയര്‍ന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് (എടിസിഒ) സസ്‌പെന്‍ഷന്‍. ജനുവരി 7ന് നടന്ന സംഭവത്തിലാണ് മൂന്ന് മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മെയ് 30ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്‍ഡിഗോയുടെ 6E455, 6E246 വിമാനങ്ങളാണ് ബെംഗളുരു വിമാനത്താവളത്തില്‍ നിന്നും ഒരേ സമയം പറന്നുയര്‍ന്നത്. വിമാനങ്ങള്‍ കുറഞ്ഞത് 1000 അടി അകലം പാലിക്കേണ്ടിടത്ത് രണ്ട് വിമാനങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന അകലം 100 അടിയായിരുന്നു. ജനുവരി 7ന് രാവിലെ നോര്‍ത്ത്, സൗത്ത് റണ്‍വേകളില്‍ നിന്നുമാണ് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തത്. അപകടകരമായ തോതില്‍ വിമാനങ്ങള്‍ അടുത്തെത്തിയതോടെ വിമാനങ്ങളെ വേര്‍തിരിക്കുന്നതിന് അപ്രോച്ച് റഡാര്‍ കണ്‍ട്രോളര്‍ സിഗ്നല്‍ നല്‍കി.ഗുരുതരമായ സംഭവമെന്നാണ് സംഭവത്തെ ഡിജിസിഎ വിശേഷിപ്പിച്ചത്. സംഭവത്തില്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തി വരികയാണ്.