Home Featured ബംഗളുരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കും

ബംഗളുരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കും

കോഴിക്കോട്: ബംഗളുരു -കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്ന കാര്യം പുന:പരിശോധിക്കാമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ ബി.ജി മല്ല്യ എം.കെ.രാഘവൻ എം.പിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. കോഴിക്കോട് വരെ നീട്ടണമെന്ന എം.പിയുടെ ആവശ്യപ്രകാരം, സൗത്ത് വെസ്റ്റേൺ റെയിൽവെ സമ്മതമറിയിച്ചിരുന്നു.

എന്നാൽ കോഴിക്കോട് പ്ലാറ്റ്ഫോം ലഭ്യമല്ലെന്ന കാരണം പറഞ്ഞ് നിർദ്ദേശം പരിഗണിക്കാൻ സാദ്ധ്യമല്ലെന്ന് സതേൺ റെയിൽവേ അറിയിക്കുകയായിരുന്നു. നിലവിൽ സർവീസ് നടത്തുന്ന മംഗലാപുരം -കോഴിക്കോട് എക്സ്പ്രസ് മെമു സർവീസായി മാറ്റി പാലക്കാട് വരെ നീട്ടിയാൽ മലബാറിന് മൊത്തം പ്രയോജനകരമാവുമെന്നും ഈ ചെറിയ ക്രമീകരണത്തിലൂടെ പ്ലാറ്റ്ഫോം പ്രശ്നം പരിഹരിക്കാമെന്നുമുള്ള എം.പിയുടെ നിർദ്ദേശം പരിഗണിച്ച് ഇക്കാര്യത്തിൽ പുന:പരിശോധന നടത്തുമെന്ന് ജനറൽ മാനേജർ അറിയിച്ചു.

റെയിൽവേ വികസനം സംബന്ധമായ വിവിധ വിഷയങ്ങൾ മുൻനിർത്തി എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ട പ്രകാരം ചെന്നൈ സതേൺ റെയിൽവേ ആസ്ഥാനത്ത് വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിശദീകരിച്ചത്. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭ്യമായിട്ടും സർവീസ് ആരംഭിക്കാത്ത മംഗലാപുരം മധുര -രാമേശ്വരം ട്രെയിൻ എം.പി ആവശ്യപ്പെട്ട പ്രകാരം സ്പെഷ്യൽ സർവീസായി നടത്താനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്നും ജി.എം പറഞ്ഞു.

വെസ്റ്റ്ഹില്ലിൽ പിറ്റ് ലൈൻ സ്ഥാപിക്കുന്നവിഷയത്തിൽ റെയിൽവേയുടെ മുൻ നിലപാട് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിന് ശേഷം എം.കെ.രാഘവൻ എം.പി പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് പദ്ധതി രൂപരേഖ സംബന്ധമായി ഡിവിഷണൽ തലത്തിലുള്ള നടപടികൾ പൂർത്തിയായതായും പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

You may also like

error: Content is protected !!
Join Our WhatsApp Group