മംഗളൂറു: നഗരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗഞ്ചിമഠം ഗ്രാമപഞ്ചായതിലെ മലാല ജുമാമസ്ജിദ് നവീകരണ പ്രവൃത്തികള്‍ നിറുത്തിവെക്കാന്‍ ദക്ഷിണ കന്നട ജില്ല ഭരണകൂടം ഉത്തരവിട്ടു.മേഖലയില്‍ പൊലീസ് നിയമപ്രകാരം നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ സംഘടനകള്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് സമ്ബാദിച്ച വിധിയുടേയും ക്രമസമാധാന പ്രശ്നം മുന്‍നിറുത്തിയുമാണ് ജില്ല ഡെപ്യൂടി കമീഷണര്‍ ഡോ. കെ വി രാജേന്ദ്ര, മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ എന്നിവരുടെ നടപടി.
പഞ്ചായത് അനുമതിയോടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പള്ളിയുടെ ചുറ്റുമതിലും മുന്‍ഭാഗത്ത് അസ്സയ്യിദ് അബ്ദുല്ലാഹി മദനി പള്ളിയുടേയും ദര്ഗയുടേയും കോണ്‍ക്രീറ്റ് നിര്‍മിതിയും പൊളിക്കുന്നതിനിടെ കഴിഞ്ഞ മാസം 21നാണ് പ്രശ്നങ്ങളുടെ തുടക്കം. ഉള്‍ഭാഗത്തെ കെട്ടിടത്തിന്റെ ഛായ ക്ഷേത്രത്തിന്റേതിന് സമാനമെന്ന് കണ്ടതോടെ വി എച് പി മേഖല സെക്രടറി ശരണ്‍ പമ്ബുവെലിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ തര്‍ക്കം ഉന്നയിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മംഗളൂറു തഹസില്‍ദാര്‍ പുരന്തറിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തി രേഖകള്‍ പരിശോധിച്ചു. മസ്ജിദ് കമിറ്റി പ്രസിഡണ്ട് മുഹമ്മദ് മാമു 900 വര്‍ഷം പുരാതനമായ പള്ളിയുടെ സൂചനകളും ക്ഷേത്രമുഖം എന്ന് തോന്നാന്‍ കാരണമായ പഴയകാല തച്ചു ശാസ്ത്ര നിര്‍മാണ ശൈലിയും വിശദീകരിക്കുകയും വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധനക്ക് നല്‍കുകയും ചെയ്തു. 2001ല്‍ 90 സെന്റ് ഭൂമി മസ്ജിദ് നവീകരണത്തിനായി സര്‍കാര്‍ അനുവദിച്ചതിന്റെ രേഖകള്‍ തഹസില്‍ദാര്‍ പരിശോധിച്ച് ഉറപ്പുവരുത്തി. ഇതേത്തുടര്‍ന്ന് ജില്ല ഡെപ്യൂടി കമീഷണര്‍ തല്‍സ്ഥിതി തടരാം എന്നറിയിച്ചു.
അതിനിടെ ശരണും സംഘവും കോടതിയില്‍ നിന്ന് താല്‍ക്കാലിക സ്റ്റേ ഉത്തരവ് സമ്ബാദിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ജ്യോതിഷ പണ്ഡിതനെ കൊണ്ടുവന്ന് ‘അഷ്ടമംഗള പ്രശ്നം’ നടത്തി മറഞ്ഞ കാര്യങ്ങള്‍ വെളിപ്പെട്ട ശേഷമേ അന്തിമ തീരുമാനം സാധ്യമാവൂ എന്നാണ് വി എച് പി, ബജ്റംഗ്ദള്‍ നിലപാട്.