ബംഗലൂരു: വാടകയ്ക്ക് താമസിക്കുന്ന വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ വീട്ടുടമ അറസ്റ്റിൽ. അനിൽ രവിശങ്കർ പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. ബംഗലൂരുവിലെ ഒരു സ്വകാര്യ കോളജിൽ പഠിക്കുന്ന പശ്ചിമബംഗാൾ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.കഴിഞ്ഞ മാർച്ചു മാസം മുതൽ പെൺകുട്ടി ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ടൈൽസ് ബിസിനസുകാരനാണ് വീട്ടുടമ. പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതിനെച്ചൊല്ലി ഇയാൾ കുട്ടിയുമായി പലപ്പോഴും വഴക്കിട്ടിരുന്നു.ഒരു ദിവസം, പെൺകുട്ടിയുടെ ആൺസുഹൃത്ത് വീട്ടിൽ രാത്രി തങ്ങിയിരുന്നതായി വീട്ടുടമ കണ്ടെത്തി.
തുടർന്ന് സുഹൃത്തിന്റെ ബൈക്ക് പിടിച്ചുവെച്ച വീട്ടുടമ, പൊലീസിൽ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ്യുവാവിനെ വിട്ടയച്ചത്.ഇതേച്ചൊല്ലി പെൺകുട്ടിയും വീട്ടുടമയും തമ്മിൽ വഴക്കുണ്ടായി. വീട്ടുടമയുടെ പെരുമാറ്റം സംബന്ധിച്ച് മാതാപിതാക്കളോട് പരാതി പറയുമെന്നും പെൺകുട്ടി മുന്നറിയിപ്പ് നൽകി.
ഇതിൽ പ്രകോപിതനായ വീട്ടുടമ വീട്ടിൽ പോയി തോക്കുമായി തിരികെ വന്നു.തുടർന്ന്, തോക്ക് നെറ്റിയിൽ ചൂണ്ടി ബലാത്സംഗംചെയ്യുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചു. വീട്ടുകാർ ബംഗളൂരുവിലെത്തി, അശോക് നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.