ബംഗളൂരു: നേരിട്ടുള്ള വിദേശനിക്ഷേപം സമാഹരിക്കുന്നതില്‍ കര്‍ണാടക ഒന്നാം സ്ഥാനത്ത്. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ നിര്‍മ്മാണ രംഗത്താണ് വമ്ബന്‍ വിദേശ നിക്ഷേപങ്ങള്‍ കര്‍ണാടകത്തിന് ലഭിച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 53 ശതമാനം വിദേശ നിക്ഷേപമാണ് ഈ മേഖലയില്‍ ലഭിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാനാവാത്ത നേട്ടമാണ് കര്‍ണാടകയ്ക്ക് ലഭിച്ചത്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും, ഡല്‍ഹിയും. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 83.57 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് കര്‍ണാടകയ്ക്ക് ലഭിച്ചത്. എന്നാല്‍, കേരളത്തില്‍ 100 കോടി രൂപയുടെ പോലും നേരിട്ടുള്ള വിദേശ നിക്ഷേപ സംരംഭങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുമില്ല.
ലോകം മുഴുവന്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പോലും കര്‍ണാടകയില്‍ ഇത്രയധികം നേരിട്ടുള്ള വിദേശനിക്ഷേപം ഉണ്ടായത് വലിയ നേട്ടമായിട്ടാണ് രാജ്യം വിലയിരുത്തുന്നത്. വ്യവസായ-സൗഹൃദ സംസ്ഥാനമെന്നതിലുപരി നിക്ഷേപകര്‍ക്ക് അനുയോജ്യമായ രീതിയില്‍ നയസമീപനങ്ങളില്‍ മാറ്റം വരുത്താന്‍ സംസ്ഥാനം ഭരിക്കുന്ന എല്ലാ പാര്‍ട്ടികളും തയ്യാറായി എന്നതാണ് ഈ നേട്ടത്തിന്റെ പ്രധാന കാരണം. എയറോ സ്‌പേസ്, ഡിഫന്‍സ്, അഗ്രോടെക്, ബയോടെക്, നാനോ ടെക്‌നോളജി, ഇലക്ടോണിക്‌സ്, ഡ്രോണ്‍ മാന്യുഫാക്ചറിങ്, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിങ് തുടങ്ങി നിരവധി മേഖലകളിലാണ് വിദേശ നിക്ഷേപങ്ങള്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷമുണ്ടായിട്ടുണ്ട്. ഇതോടൊപ്പം തന്നെ ടൊയോട്ട, ബോയിങ് എന്നീ രാജ്യാന്തര കമ്ബനികളും, ഓട്ടോ മൊബൈല്‍, എയറോ സ്‌പേസ് എന്നീ വിഭാഗങ്ങളില്‍ വമ്ബന്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.

വ്യവസായ-സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ നിക്ഷേപകര്‍ക്ക് അനുയോജ്യമായ തരത്തില്‍ എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏകജാലക സംവിധാനം വഴി ഏര്‍പ്പെടുത്തികൊടുക്കുകയാണ് പതിവ്. നിക്ഷേപകര്‍ക്കായി വാണിജ്യ നികുതിയില്‍ ഇളവ്, വൈദ്യുതി സബ്‌സിഡി, കുറഞ്ഞ വിലയില്‍ വ്യവസായ ആവശ്യത്തിനുള്ള സ്ഥലം, ഇങ്ങനെ നിക്ഷേപകര്‍ക്ക് ആവശ്യമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ടാണ് ചെയ്തുകൊടുക്കുന്നത്.
ഓരോ വ്യവസായത്തിന്റെയും സ്വഭാവം അനുസരിച്ചുള്ള നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളുമാണ് നല്‍കുന്നത്. പത്ത് വര്‍ഷത്തേക്ക് വൈദ്യുതി സബ്‌സിഡി നല്‍കുന്നത് മുതല്‍ വ്യവസായത്തിന് ആവശ്യമായ വെള്ളം സബ്‌സിഡിയോടുകൂടി നല്‍കുന്നതുമൊക്കെ കര്‍ണാടകത്തില്‍ പതിവാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന എസ്.എം കൃഷ്ണയുടെ കാലം മുതലാണ് വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള നയങ്ങളും സമീപനങ്ങളും കര്‍ണാടക സ്വീകരിച്ചുതുടങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പലരും മാറിമാറി ഭരിച്ചെങ്കിലും വ്യവസായ വികസനത്തിന് ആവശ്യമായ നയങ്ങളില്‍ കാതലായ യാതൊരു മാറ്റവും വരുത്തിയില്ല എന്നതാണ് കര്‍ണാടകത്തിന്റെ നേട്ടം.