ബംഗളൂരു: ബന്ധുക്കൾക്ക് മരിക്കാൻ തീരുമാനിച്ചതായി വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ കാണാതായ യുവദമ്പതികളെ തീപിടിച്ച കാറിൽ വെന്തുമരിച്ചനിലയിൽ കണ്ടെത്തി. ആർടി നഗർ സ്വദേശി യശ്വന്ത് യാദവ് (23), ഭാര്യ ജ്യോതി (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
മൂന്നുദിവസം മുമ്പാണ് ദമ്പതിമാരെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ബംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ജീവനൊടുക്കാൻ തീരുമാനിച്ച് യശ്വന്ത് യാദവ് അടുത്ത ബന്ധുവിനയച്ച വാട്സ്ആപ്പ് സന്ദേശം പോലീസിന് ലഭിച്ചു.
ഉഡുപ്പിയിലെ ബ്രഹ്മവാരയ്ക്കടുത്ത് മംദാർത്തി ഹെഗ്ഗുഞ്ജെയിലാണ് തീപിടിച്ച കാറിൽ ബംഗളൂരു സ്വദേശികളായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. കാർ കത്തിയമരുന്നതുകണ്ട നാട്ടുകാർ ഓടിക്കൂടി തീകെടുത്തിയെങ്കിലും രക്ഷിക്കാനായില്ല. . ബ്രഹ്മവാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
അതേസമയം, ഈ ദമ്പതികൾ മംഗളൂരുവിൽ നിന്ന് കാർ വാടകയ്ക്കെടുത്താണ് ഉഡുപ്പിയിലെത്തിയതെന്ന് പറയുന്നു. ഇരുവരും കാറിനകത്ത് തീകൊളുത്തി ജീവനൊടുക്കിയതാണെന്നാണ് സംശയം.