ബെംഗളുരു: രണ്ടു തവണ ഗ്രാമി പുരസ്കാര ജേതാവായ ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കേജ്, നഗരത്തിൽ വിമാനമിറങ്ങിയ ശേഷം “ബാൻഡ് ഇന്ത്യ’യെ ചോദ്യം ചെയ്തു നടത്തിയ ട്വീറ്റിനെ വിമർശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ രംഗത്തു വന്നു.
ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശ യാത്രകാരോട് ഇതാണ് സമീപനമെങ്കിൽ നാമെങ്ങനെ ബാൻഡ് ഇന്ത്യ കെട്ടിപ്പടുക്കുമെന്നായിരുന്നു റിക്കി ഉന്നയിച്ച്ചോദ്യം. ഒരു മണിക്കൂറിലധികം ലൈനിൽ കാത്തുനിർത്തിയ എമിഗ്രേഷൻ സംവിധാനത്തെയാണ് ഇദ്ദേഹം ചോദ്യം ചെയ്തത്. ആയിരത്തിലധികം ആളുകൾ എമിഗ്രേഷനായി കാത്തുനിൽപ്പുണ്ട്.
ഇതിനുള്ള സംവിധാനമില്ലെങ്കിൽ എന്തിനാണ് ഇത്രയേറെ വിമാനങ്ങൾ അനുവദിക്കുന്നതെന്നു റിക്കി ചോദിച്ചു. ബെംഗളൂരുവിനേക്കാൾ മോശമെന്ന പരാമർശം താനൊട്ടേറെ സ്ഥലങ്ങളിൽ കേട്ടിട്ടുണ്ടന്നും നമ്മുടെ ചിന്താഗതികൾ മാറണമെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ ബെംഗളൂരുവിലെ സാഹചര്യം മാത്രം വിലയിരുത്തി ബാൻഡ് ഇന്ത്യയെക്കുറിച്ചു സംസാരിക്കരുതെന്ന് ഒട്ടേറെ പേർ റിക്കി കേജിനോടു പ്രതികരിച്ചു. വിമാനത്താവളം മാത്രമല്ല മറ്റു മോശം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പറയാവുന്നതാണെന്ന് പരാമർശിച്ച് മറ്റു ചിലർ ഇദ്ദേഹത്തെ അനുകൂലിച്ചു.