ബെംഗളൂരു: ബംഗ്ലദേശ് യുവതിയെ സംഘം ചേർന്നു പീഡിപ്പിച്ച കേസിലെ 12 പ്രതികളിൽ 7 പേർക്കു ജീവപര്യന്തം കഠിന തടവ്. എല്ലാവരും ബംഗ്ലദേശ് സ്വദേശികളും അനധികൃതമായി ഇന്ത്യയിലെത്തിയവരുമാണ്.
1 മുതൽ 5 വരെ പ്രതികളായ ചന്ദ്മിയ, മുഹമ്മദ് റിഫാൽ ഇസ്ലാം, മുഹമ്മദ് അലാമിൻ ഹുസൈൻ, രകിബുൽ ഇസ്ലാം, മുഹമ്മദ് ബാബു ഷെയ്ഖ്, ഏഴും എട്ടും പ്രതികളായ മുഹമ്മദ് ദാലിം, അസീം ഹുസൈൻ എന്നിവരെയാണു പ്രത്യേക കോടതി ജീവപര്യന്തംകഠിന തടവിനു ശിക്ഷിച്ചത്.
6-ാം പ്രതി ടാനിയ ഖാന് 20 വർഷം തടവും 9-ാം പ്രതി മുഹമ്മദ് ജമാലിന് 5 വർഷം തടവ് വിധിച്ചു. 10-ാം പ്രതിയെ മാപ്പുസാക്ഷിയാക്കി. വിദേശികൾക്കു ബാധകമായ നിയമങ്ങളുടെ ലംഘനത്തിന് പതിനൊന്നും പന്ത്രണ്ടും പ്രതികൾ 9 മാസം തടവ് അനുഭവിക്കണം.
2021 മേയ് 18നു രാമമൂർത്തി നഗർ കനക നഗറിലാണ് സംഭവം. പ്രതികളിലൊരാൾ ഇതിന്റെ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണു പൊലീസ് അന്വേഷണം തുടങ്ങിയത്.28 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 100 ദിവസത്തിനുള്ളിൽ 44 സാക്ഷികളുടെ വിചാരണ പൂർത്തിയാക്കി.
അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരായ എൻ.ബി.സാകി, രാമമൂർത്തി നഗർ ഇൻസ്പെക്ടർ മെൽവിൻ ഫ്രാൻസിസ് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.