ദില്ലി: പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.
പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നല്കും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേർക്ക് 12 സിലിണ്ടറുകൾ സബ്സിഡി പ്രകാരം നല്കും. സ്റ്റീലിൻറെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടൽ ഉണ്ടാകും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ.
ഫോണിൽ വിളിക്കുന്നവരുടെ നമ്പരല്ല, ഇനി പേര് കാണാം: പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രം
ഇനി മൊബൈൽ ഫോണിൽ വരുന്ന അപരിചിത നമ്പറുകൾ ആരുടേതെന്ന് അപ്പോൾതന്നെ തിരിച്ചറിയാം. വിളിക്കുന്നവരുടെ പേര് ഏതെങ്കിലും ആപ്പിന്റെ സഹായം ഇല്ലാതെതന്നെ സ്ക്രീനിൽ തെളിയുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.
സിം കാർഡ് അല്ലെങ്കിൽ മൊബൈൽ കണക്ഷൻ എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ആണ് വിളിയെത്തുന്ന മൊബൈൽ ഫോണിൽ ദൃശ്യമാകുക. നിലവിൽ കാണുന്ന നമ്പറിനു പകരം ആ നമ്പറിന്റെ ഉടമസ്ഥന്റെ പേര് വരുമെന്ന് അർത്ഥം.
ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ ടെലികോം വകുപ്പും ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)യും നടത്തിക്കഴിഞ്ഞു. തുടർനടപടികൾ ഏതാനും മാസങ്ങൾക്കകം ആരംഭിക്കുമെന്നാണ് സൂചന.