ടെന്നസി: കെഎഫ്സി ജീവനക്കാരന്റെ അവസരോചിത ഇടപെടൽ മൂലം ഒരു സ്ത്രീ രക്ഷപ്പെട്ട സംഭവമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മെംഫിസിലെ ഹിക്കാറി ഹില്ലിലുള്ള കെഎഫ്സി റെസ്റ്റോറന്റിലാണ് സംഭവമുണ്ടായത്.
വൈകുന്നേരം ഡീഗൊ ഗ്ലേയ് എന്ന യുവാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് തന്റെ ജീവൻ അപകടത്തിലാണെന്ന കുറിപ്പ് ജീവനക്കാരന് രഹസ്യമായി കൈമാറിയത്. മുൻ കാമുകനായ ഡീഗോ ഗ്ലേ എന്ന 23 കാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ കയ്യിൽ തോക്കും ഉണ്ടായിരുന്നു.
പെൺകുട്ടി സഹായത്തിനായി ഒരു കുറിപ്പ് രഹസ്യമായി എഴുതി, അത് കെഎഫ്സിയിലെ ജീവനക്കാരന് പ്ളേറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. അവർ പോയതിനുശേഷം ഈ എഴുത്ത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ, വിവരം ഉടൻതന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.
കെഎഫ്സി ജീവനക്കാരൻ കൊടുത്ത അടയാള വിവരങ്ങളെ അടിസ്ഥാനമാക്കി തെരച്ചിൽ നടത്തിയ പോലീസ്, ഡീഗോ ഗ്ലേയെ കീഴടക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. ഇതുവരെയും പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്റെ സമയോചിത ഇടപെടലിനെ പ്രകീർത്തിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
ഇദ്ദേഹത്തിന് അധികൃതർ ബഹുമതിനൽകിയതായും റിപ്പോർട്ട് ഉണ്ട്.
ഏഴാംക്ലാസ് വിദ്യാർത്ഥിനിയുമായി അശ്ലീല ചാറ്റ് നടത്തിയത് അധ്യാപകൻ പിടിയിൽ
മലപ്പുറം: അധ്യാപകനെന്ന വ്യാജേന വിദ്യാർത്ഥിനികളുടെ വീട്ടിലേക്ക് വിളിച്ച് അശ്ലീലസംഭാഷണം നടത്തിയ കേസിൽ ഒടുവിൽ പ്രവാസി യുവാവ് പിടിയിൽ. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ മനാഫ് ആണ് പിടിയിലായത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് വരെപുറത്തിറക്കിയിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ചങ്ങരംകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.അധ്യാപകൻ ചമഞ്ഞ് വിദേശത്തിരുന്നാണ്ഓൺലൈൻ ക്ലാസിനെന്ന വ്യാജേന ഇയാൾ ഏഴാം ക്ലാസ് വിദ്യാർഥിനിയുമായി അശ്ലീല സംഭാഷണം നടത്തിയത്. ഒരു വർഷം മുൻപാണു കേസിനാസ്പദമായ സംഭവം നടന്നത്.
ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെ വിദ്യാർഥിനിയുടെ വീട്ടിലേക്കുവിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണെന്നു പരിചയപ്പെടുത്തുകയായിരുന്നു. പഠനത്തിൽ പുറകിൽ നിൽക്കുന്ന കുട്ടിക്കു പ്രത്യേകം ക്ലാസ്എടുക്കാനാണെന്ന് രക്ഷിതാവിനെ തെറ്റിധരിപ്പിച്ചു. തുടർന്നു കുട്ടിയോട് മുറി അടച്ചിടാൻആവശ്യപ്പെടുകയുമായിരുന്നു.
പിന്നീട് ഇയാൾ അശ്ലീലരീതിയിൽ സംഭാഷണം തുടർന്നതോടെ കുട്ടി മാതാവിനോടു വിവരം പറഞ്ഞു. രക്ഷിതാക്കൾ സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ് അധ്യാപകർ അത്തരത്തിൽ ക്ലാസ് എടുക്കുന്നില്ലെന്നു മനസ്സിലായത്. തുടർന്ന് സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നിർദേശപ്രകാരം സൈബർ എസ്ഐയുടെ നേതൃത്വത്തിൽ സൈബർ ഡോം സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു.
തുടർന്ന് ഇന്റർനെറ്റ് കോൾ ഉപയോഗിച്ചാണ് വിദ്യാർഥിനിയെ വിളിച്ചതെന്നു കണ്ടെത്തി. പ്രതിയേയും തിരിച്ചറിഞ്ഞു. വിദേശത്തായിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസും ഇറക്കി. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിമാനമിറങ്ങിയ പ്രതിയെ വിമാനത്താവളത്തിൽ നിന്നാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
എഐ ഖാലിദ്, സിപിഒ ഭാഗ്യരാജ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. മനാഫിനെതിരെ പാലക്കാട് ജില്ലാ സൈബർ പൊലീസിലും സമാനമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.