ബെംഗളൂരു: ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂളിൽ വിദ്യാർത്ഥിനികളാണ് റോഡിൽ കിടന്ന് സംഘർഷമുണ്ടാക്കിയത്. സ്കൂളിന് പരിസരത്തെ റോഡിൽ പരസ്പരം ഏറ്റുമുട്ടുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥിനികളാണ് ഏറെ അക്രമാസക്തമായി റോഡിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചത്. ഇവർ തമ്മിൽ പരസ്പരം അടികൂടുന്നതും മുടി പിടിച്ച് വലിക്കുന്നതും അസഭ്യം പറയുന്നതും എല്ലാം വീഡിയോയിൽ കാണാം.
ചില വിദ്യാത്ഥികളുടെ മാതാപിതാക്കളും അക്രമാസക്തമായ കലഹത്തിൽ പങ്കുചേരുന്നതായി കാണാം. ചില വിദ്യാർത്ഥികൾ വടികൾ ഉപയോഗിച്ചും സഹ വിദ്യാർത്ഥികളെ മർദിക്കുന്നുണ്ട്. അതേ സമയം ഒരു വിദ്യാർത്ഥി തന്റെ സഹപാഠിയെ മുടിയിൽ പിടിച്ച് വലിച്ച് കോണിപ്പടിയിൽ നിന്ന് താഴെയിടാൻ ശ്രമിക്കുന്നതും പുറത്ത് വന്നിരിക്കുന്ന വിഡിയോയിൽ ഉണ്ട്. അക്രമാസക്തമായ സംഘർഷത്തിൽ പലർക്കും പരിക്ക് സംഭവിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. സംഘർഷത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഏറെ വിവാദാമായ ഈ സംഭവത്തിൽ സ്കൂളിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.
ചില വഴിയാത്രക്കാരാണ് വിദ്യാർത്ഥികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചത്. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് വിഡിയോ കണ്ട ചിലർ അഭിപ്രായപ്പെട്ടു. അതിൽ ഒരു സ്കൂൾ ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബെംഗളൂരുവിലെ ഏറെ പ്രശസ്തമായ സ്കൂളുകളിൽ ഒന്നാണ് ഇത്. എന്നാൽ ഈ സംഭവം പുറത്ത് വന്നതോടെ സ്കൂളിനാകെ നാണക്കേടായിരിക്കുകയാണ്. വ്യത്യസ്തമായ യൂണിഫോം ധരിച്ച ചില ആൺകുട്ടികളേയും വീഡിയോയിൽ കാണാം.