ദില്ലി: രാജ്യത്ത് 5ജി സൌകര്യം ഒരുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ പരിശോധന രാജ്യത്ത് 5ജി എത്തിക്കാന്‍ നേരത്തെ നിശ്ചയിച്ച തീയതില്‍ 5ജി എത്തിക്കുന്നതിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ജൂലൈ 1ന് വിവിധ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ട 5ജി അടിസ്ഥാന സൌകര്യത്തിനുള്ള ഉപകരണങ്ങളുടെ പരിശോധ പൂര്‍ത്തിയാക്കാനാണ് ടെലികോം മന്ത്രാലയം നിശ്ചയിച്ചത്.
എന്നാല്‍ ഇതിനായി രാജ്യത്ത് പ്രദേശികമായി തെരഞ്ഞെടുത്ത പരിശോധന ലാബുകളിലെ മെല്ലെപ്പോക്ക് കാരണം. ഈ പരിശോധനകളുടെ അന്തിമ തീയതി ജൂലൈ 1 2022 എന്നതില്‍ നിന്നും ജനുവരി 1 2023 ആക്കണമെന്നാണ് ചില ടെലികോം ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത്. ജൂണ്‍, ജൂലൈ മാസത്തിലാണ് രാജ്യത്ത് 5ജി ലേലം നടക്കുക എന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചത്.
പരിശോധനകള്‍ കൃത്യമായി പൂര്‍ത്തിയായില്ലെങ്കില്‍ ടെലികോം കമ്പനികള്‍ക്ക് ആവശ്യമായ 5ജി ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ അത് വില്‍ക്കുന്ന കമ്പനികള്‍ക്ക് സാധിക്കില്ല. ഇതോടെ 5ജി സേവനങ്ങള്‍ താഴെക്കിടയില്‍ എത്തുന്നത് വീണ്ടും വൈകാന്‍ ഇടയാക്കും.
ഇപ്പോള്‍ ടെലികോം മന്ത്രാലയത്തിന്റെ ടെലികോം എഞ്ചിനീയറിംഗ് സെന്ററാണ് (TEC) പരിശോധനയ്ക്ക് യോഗ്യമായ പ്രദേശിക ലാബുകളെ കണ്ടെത്തുന്നത്. എന്നാല്‍ 5ജി നെറ്റ്വര്‍ക്ക് ഉപകരണങ്ങളുടെ പരിശോധനയും സര്‍ട്ടിഫിക്കേഷനും വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്, ഇന്ത്യന്‍ ലാബുകളുടെ സൌകര്യം അനുസരിച്ച് ഇത് പൂര്‍ത്തിയാക്കാന്‍ വലിയ കാലയളവ് വേണ്ടിവരും എന്നാണ് 5ജി ഉപകരണങ്ങള്‍ വിതരണക്കാരുടെ അഭിപ്രായം.
ടെസ്റ്റിംഗ് നടത്താന്‍ ആവശ്യമായ സാങ്കേതിക പ്രവര്‍ത്തകരുടെയും ഉപകരണങ്ങളുടെയും വരവ് കൊവിഡ് കാലത്ത് തടസ്സപ്പെട്ടതും ഈ പ്രതിസന്ധിക്ക് കാരണമായെന്ന് 5ജി ഉപകരണങ്ങള്‍ വിതരണക്കാരായ അന്താരാഷ്ട്ര കമ്പനിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മറുവശത്ത്, നിര്‍ബന്ധിത ഉപകരണ പരിശോധനയില്‍ നിന്നും 2ജി ഉരപകരണങ്ങളെ ഒഴിവാക്കാന്‍ 2ജി നെറ്റ്വര്‍ക്ക് ഉപകരണ വിതരണക്കാര്‍ കേന്ദ്രത്തോട് പറയുന്നുണ്ട്. “പല രാജ്യങ്ങളിലും 2ജി സാങ്കേതികവിദ്യ ഘട്ടംഘട്ടമായി നിർത്തലാക്കപ്പെടുമ്പോൾ, ഏകദേശം 280 ദശലക്ഷം 2ജി ഉപയോക്താക്കള്‍ ഇപ്പോഴും ഇന്ത്യയിലുണ്ട്. ഇവര്‍ക്ക് 2ജി സേവനങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനായി നിര്‍ബന്ധിത പരിശോധനയില്‍ നിന്നും 2ജി സേവനങ്ങളെ ഒഴിവാക്കണം. ഇത് 5ജി പരിശോധനകളുടെ വേഗവും വര്‍ദ്ധിപ്പിക്കും” ഉപകരണങ്ങള്‍ വിതരണക്കാരായ അന്താരാഷ്ട്ര കമ്പനി എക്സിക്യൂട്ടീവ് പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ ഓഗസ്റ്റ് മാസത്തോടെ 5ജി ചിലപ്പോള്‍ പ്രവര്ത്തികമായാലും പ്രദേശിക തലങ്ങളിലേക്ക് 5ജി വ്യാപിക്കാന്‍ സമയം എടുക്കും എന്നാണ് പുതിയ വാര്‍ത്ത നല്കുന്ന സൂചന.