Home Featured റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യ തന്നെ; കഴുത്തിലെ മുറിവിനെ സംബന്ധിച്ച ദുരൂഹതയും നീക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്;കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം

റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യ തന്നെ; കഴുത്തിലെ മുറിവിനെ സംബന്ധിച്ച ദുരൂഹതയും നീക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്;കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം

കോഴിക്കോട്: യൂട്യൂബറായിരുന്ന കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിഫയുടേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദുബായിൽ ഫ്ളാറ്റിൽ മാർച്ച് ഒന്നിന് മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.

റിഫയുടെ കഴുത്തിൽ കണ്ടെത്തിയ മുറിവേറ്റ അടയാളത്തെ സംബന്ധിച്ചായിരുന്നു ദുരൂഹത ഉയർന്നത്. ഇത് തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്.

ആത്മഹത്യയ്ക്ക് ഒരു കാരണമുണ്ടാകും കാരണക്കാരനും. അത് കണ്ടെത്തണമെന്ന് റിഫയുടെ പിതാവ് റാഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മെഹ്നാസ് ഒളിവിൽ തുടരുന്നത് ദുരൂഹതയുള്ളതിനാലാണ്. റിഫ മരിക്കാൻ കാരണമെന്തെന്ന് അറിയണമെന്ന് കുടുംബം പ്രതികരിച്ചു. കേസുമായി മുന്നോട്ട് പോകുമെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിഫയുടെ അമ്മ പറഞ്ഞു.

റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നിന്ന് ഈ മാസം ഏഴിനാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ആന്തരീകാവയവങ്ങള്‍ രാസ പരിശോധനക്ക് അയച്ചു. ഇതിന്‍റെ ഫലം ഇനി കിട്ടാനുണ്ട്. റിഫയുടെ മരത്തിന് കാരണം ഭര്‍ത്താവ് മെഹനാസ് ആണെന്ന പരാതിയില്‍ കുടുംബം ഇപ്പോഴും ഉറച്ച നില്‍ക്കുകയാണ്.

മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂർ പൊലീസ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ മുൻകൂർ ജാമ്യത്തിനായി മെഹ്നാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹ‍ര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മെഹ്‍നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. 

ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യറാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. നേരത്തെ മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു. നിലവിൽ മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണക്കാണ് കേസെടുത്തിട്ടുള്ളത്. റിഫയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും കൂടി ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റ നീക്കം. 

You may also like

error: Content is protected !!
Join Our WhatsApp Group