Home Featured ഇന്ത്യയില്‍ 11.6 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ആമസോണ്‍; കയറ്റുമതി വര്‍ധിപ്പിക്കാനും നീക്കം

ഇന്ത്യയില്‍ 11.6 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ആമസോണ്‍; കയറ്റുമതി വര്‍ധിപ്പിക്കാനും നീക്കം

രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പന രം​ഗത്ത് മാത്രമല്ല തൊഴില്‍ രം​ഗത്തും ഇ-കൊമേഴ്‌സ് ഭീമനായ (E-commerce giant) ആമസോണിന്റെ (Amazon) സ്ഥാനം മുന്‍നിരയില്‍ ആണ്.ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മുന്നേറുന്നതിന് ഒപ്പം നിരവധി തൊഴിലവസരങ്ങളും ആമസോണ്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ നേരിട്ടും അല്ലാതെയും 11.6 ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.

ഇനിയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് കമ്ബനി ഇപ്പോള്‍. 2025 ഓടെ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ പ്രത്യക്ഷമായി മാത്രമല്ല പരോക്ഷമായും ധാരാളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് കമ്ബനി പറഞ്ഞു.ഐടി, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, നിര്‍മ്മാണം, കണ്ടന്റ് ക്രിയേറ്റിംഗ് , നൈപുണ്യ വികസനം പോലുള്ള മേഖലകളില്‍ ആണ് ഈ തൊഴിലവസരങ്ങളില്‍ ഏറെയും.

വില്‍പ്പനക്കാര്‍ക്ക് (Seller) വേണ്ടിയും ആമസോണ്‍ ധാരാളം അവസരങ്ങള്‍ നല്‍കുന്നുണ്ട്.” ഇന്ത്യയില്‍ ഇതുവരെ ആമസോണ്‍ 11.6 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇതിനോടകം നടത്തിയിരിക്കുന്നത്.

രാജ്യത്ത് ഇതിനകം 40 ലക്ഷത്തിലധികം എംഎസ്‌എംഇകള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു,” ആമസോണ്‍ ഇന്ത്യയുടെ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് കണ്‍ട്രി മാനേജര്‍ മനീഷ് തിവാരി പറഞ്ഞു.2025 ഓടെ ഇന്ത്യയില്‍ നിന്ന് 20 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് ഈ മാസം തുടക്കത്തില്‍ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു.

അതോടെ മുമ്ബ് പ്രഖ്യാപിച്ചിരുന്ന ലക്ഷ്യത്തിന്റെ ഇരട്ടിയോളം ആകുമിത്. 2025-ഓടെ ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതി 10 ബില്യണ്‍ ഡോളര്‍ ആക്കി ഉയര്‍ത്തുമെന്നാണ് ആമസോണ്‍ 2020-ല്‍ പ്രഖ്യാപിച്ചിരുന്നത്.മാത്രമല്ല ഒരു കോടി എംഎസ്‌എംഇകള്‍ ഡിജിറ്റൈസ് ചെയ്യുമെന്നും 2020 ജനുവരിയില്‍ കമ്ബനി വാ​ഗ്ദാനം ചെയ്തിരുന്നു.

ഇതിനോടകം വില്‍പ്പനക്കാര്‍, കരകൗശല തൊഴിലാളികള്‍, നെയ്ത്തുകാര്‍, വിതരണക്കാര്‍, ലോജിസ്റ്റിക്സ് സേവന പങ്കാളികള്‍ ഉള്‍പ്പടെയുള്ള 40 ലക്ഷത്തിലധികം എംഎസ്‌എംഇകളെ കമ്ബനി ഇതില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു.” മൊബൈല്‍ ഇന്റര്‍നെറ്റും സാങ്കേതികവിദ്യയും ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്നത് തുടരും, രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും വളര്‍ന്നു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്ബദ് വ്യവസ്ഥയിലും ആമസോണ്‍ വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ” തിവാരി കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യകളുടെ നവീകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലും സംരംഭകരിലും നിക്ഷേപിക്കുന്നതിനായി ആമസോണ്‍ കഴിഞ്ഞ വര്‍ഷം 250 മില്യണ്‍ ഡോളറിന്റെ ആമസോണ്‍ സംഭവ് വെഞ്ച്വര്‍ ഫണ്ട് പ്രഖ്യാപിച്ചിരുന്നു.

എസ്‌എംബി (SMB) ഡിജിറ്റൈസേഷന്‍ മേഖലയില്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംരംഭകരെയും സ്റ്റാര്‍ട്ടപ്പിനെയും പിന്തുണയ്ക്കുന്നതിലാണ് ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫണ്ടിന്റെ ഭാഗമായി ആമസോണ്‍ ഇതിനകം തന്നെ മൈ​ഗ്ലാം (MyGlamm), എം1എക്സ്ചേഞ്ച്(M1xchange), സ്മോള്‍ കേസ് (Small Case) തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.എംഎസ്‌എംഇകളുടെ ഡിജിറ്റലൈസേഷനു വേണ്ടിയുള്ള ആമസോണിന്റെ ശ്രമങ്ങള്‍ ‌രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നുണ്ട്.

ഇതിന് പുറമെ രാജ്യത്ത് നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിലൂടെയും ആമസോണില്‍ നിന്നും വരും ദിനങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group