ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നതിനായി ഇടപെട്ട് ഡല്‍ഹി സര്‍ക്കാര്‍. ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് ട്യൂഷന് ഫീസ് ഇനത്തില്‍ സ്വകാര്യ സ്കൂളുകള്‍ സമാഹരിച്ച തുക തിരികെ നല്കാന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. 2020-21, 2021-22 അധ്യയനവര്ഷങ്ങളിലും ഇത് ബാധകമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ട്യൂഷന് ഫീസ് ഇനത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് സ്വകാര്യ സ്കൂളുകള്‍ പിരിച്ചെടുത്ത തുക തിരികെ നല്‍കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്.
ഇത് അനുസരിക്കാത്തവര്‍ ഡല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യത്തെ ലംഘിക്കുകയാണ് ചെയ്യുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കത്തക്കവിധം സമയബന്ധിതമായി തുക തിരികെ നല്‍കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.