ബംഗളൂരു: അഭിഭാഷകയായ യുവതിക്ക് നേരെ ക്രൂരമർദനം. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അഭിഭാഷകയായ സംഗീത ശിക്കാരിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ബാഗൽകോട്ട് ടൌൺ സർക്കിളിൽ വെച്ച് മർദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ബാഗൽകോട്ട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയെ മർദിച്ച മഹന്തേഷ് ചോളഗുഡ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പിടിയിലായ മഹന്തേഷ് യുവതിയുടെ അയൽവാസിയാണ്. മഹന്തേഷിന്റെ കുടുംബവും യുവതിയുടെ കുടുംബവും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ബി.ജെ.പിയുടെ പ്രാദേശിക രാഷ്ട്രീയ നേതാവായ രാജു നായരുടെ നേത്യത്വത്തിൽ ഇക്കഴിഞ്ഞ എട്ടിന് സംഗീതയുടെ വീടിന്റെ മതിലും ശുചിമുറിയും ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.
ഇതിനെതിരെ സംഗീതയും കുടുംബവും രാജു നായർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ബാഗൽകോട്ട യൂണിവേഴ്സി ഓഫ് ഹോർട്ടികൾച്ചറൽ സയൻസൻസിൽ ഫോട്ടോഗ്രാഫറാണ് മഹന്തേഷ്. ഭർത്താവിനൊപ്പം നഗരത്തിലെത്തിയതായിരുന്നു സംഗീത. വാക്ക് തർക്കത്തെ തുടർന്നാണ് മഹന്തേഷ് മർദനമാരംഭിച്ചത്.
യുവതിയെ പിന്തുടർന്ന് മർദിക്കുന്നത് കാഴ്ചക്കാരായി നോക്കി നിൽകുന്ന ആൾക്കൂട്ടത്തെ ദൃശ്യങ്ങളിൽ കാണാം. സംഗീതയെ മർദിക്കുന്നതിന്റെ ദൃശ്വങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.