കാണാൻ ചെറുതും ചിലപ്പോൾ ഭംഗിയുള്ളതുമൊക്കെയാണെങ്കിലും അറപ്പോടെയാണ് പുഴു എന്ന ജീവിയെ നമ്മൾ കാണാറുള്ളത്. കാണുന്നവരിൽ അസ്വസ്ഥതയുണ്ടാക്കുന്നവയെ വിശേഷിപ്പിക്കുന്ന പദമായും പുഴു പിന്നീട് മാറി. അങ്ങനെ ഒരുതരം അസ്വസ്ഥത സമ്മാനിക്കുന്ന ചിത്രമാണ് നവാഗതയായ രത്തീന മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ പുഴു എന്ന ചിത്രം.
ഒറ്റനോട്ടത്തിൽ പതിയെ സഞ്ചരിക്കുന്ന ഒരു ത്രില്ലറാണ് ചിത്രം. നായകന്റെ മനോനിലയും സ്വഭാവസവിശേഷതയുമാണ് സാധാരണ കണ്ടുവരുന്ന ത്രില്ലറുകളിൽ നിന്ന് പുഴുവിനെ വ്യത്യസ്തമാക്കുന്നത്. ഒരു ഫ്ളാറ്റിൽ മകനൊപ്പം ജീവിക്കുന്ന ഉന്നതകുലജാതനായ പോലീസ് ഉദ്യോഗസ്ഥനായ നായകൻ. അവർക്കിടയിലേക്ക് വരുന്ന താഴ്ന്ന ജാതിയിൽപ്പെട്ടതും നാടകനടനുമായ ഒരുവനെ വിവാഹം ചെയ്ത നായകന്റെ സഹോദരി. ഇവർക്കിടയിൽ നടക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തെ നയിക്കുന്നത്.
കുലമഹിമയിൽ രമിക്കുന്ന നായകനാണ് ചിത്രത്തിൽ. സ്കൂൾ വിദ്യാർത്ഥിയായ സ്വന്തം മകൻ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എന്ത് കഴിക്കണം, എങ്ങനെ പല്ലുതേക്കണം എന്നുവരെ തീരുമാനിക്കുന്നത് ഇയാളാണ്. അസഹനീയമായ സവർണ മനോഭാവവും ജാതിചിന്തയാണ് ഇയാൾ വെച്ചുപുലർത്തുന്നത്.
മകൻ സഹപാഠിയുമായി ഭക്ഷണം പങ്കിടുന്നതോ കളിക്കുന്നതോ പോലും ജാതിയുടെ അളവുകോൽവെച്ചാണ് നായകൻ അളക്കുന്നത്. നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിൽ തെറ്റില്ല, പക്ഷേ അവർ തരുന്നത് നമുക്കാവശ്യമില്ലല്ലോ എന്ന ആ അച്ഛന്റെ ചോദ്യം പോലും ഈ ചിന്തയിൽ നിന്നാണ് വരുന്നത്.
നിശ്ശബ്ദതയാണ് അയാളുടെ ലോകത്തിൽ മുന്നിട്ട് നിൽക്കുന്നത്. മകനോട് അധികം സംസാരിക്കുന്നില്ലെങ്കിലും ശബ്ദമില്ലാത്ത, ആജ്ഞാശക്തിയിൽ ഒരു ലോകം കെട്ടിപ്പടുക്കാനാണ് അയാളുടെ ശ്രമം. ഒരുനോക്കിൽ, സാന്ത്വനമെന്ന് നമുക്ക് തോന്നിക്കുന്ന ചുരുങ്ങിയ വാക്കുകളിലൂടെ മകനെ ഭീഷണിപ്പെടുത്താൻ അയാൾക്ക് കഴിയുന്നുണ്ട്.
പക്ഷേ അയാൾക്ക് ചുറ്റുമുള്ള ലോകം ശബ്ദങ്ങളുടേതാണെന്ന വൈരുധ്യവും കാണാതിരിക്കാനാവില്ല. ജോലിക്കാരൻ കേൾവിക്കുറവുള്ളതുകൊണ്ട് ഉച്ചത്തിൽ സംസാരിക്കുന്നയാളാണ്. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്നതും പ്രഷർ കുക്കറിന്റേതുമായ എല്ലാത്തരം ശബ്ദവും അയാളിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരീഭർത്താവ് ഉച്ചത്തിൽ സംസാരിക്കേണ്ടുന്ന നാടക നടനാണെന്നതും ഏറെ ശ്രദ്ധേയമാണ്.
സൂപ്പർതാരപദവിയെന്ന വസ്ത്രം അഴിച്ചുവെച്ച് പകർന്നാടുന്ന മമ്മൂട്ടിയാണ് പുഴുവിന്റെ നെടുംതൂൺ. ഇമേജ് പോലും നോക്കാതെ ഇങ്ങനെയൊരു വേഷം ചെയ്ത അദ്ദേഹത്തിന് നിറഞ്ഞ കയ്യടി നൽകണം. കുലമഹിമ പ്രിവിലേജ് ആയി കൊണ്ടുനടക്കുന്ന, സ്വന്തം രക്തബന്ധങ്ങൾ പോലും അതിന് താഴെയാണെന്ന് കരുതി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ഗംഭീരമാക്കിയിട്ടുണ്ട് മമ്മൂട്ടി. ഇയാൾക്ക് പക്ഷേ പേരില്ല. അടുപ്പമുള്ളവർ കുട്ടൻ എന്ന് വിളിക്കും.
പക്ഷെ ഒരുപേരിൽ എന്തിരിക്കുന്നു എന്ന ചോദ്യമാണ് ഇദ്ദേഹത്തിന്റെ ചെയ്തികൾ കണ്ടാൽ ഉയരുക. പക്ഷേ കാർക്കശ്യം പുലർത്തുന്നുണ്ടെങ്കിലും സ്നേഹമുള്ള മകനുംപലപ്പോഴും മകന്റെ മുന്നിൽ പരാജയപ്പെടുന്നുണ്ട് ഈ അച്ഛൻ.സഹോദരനുമെല്ലാമാണെങ്കിലും ഇതിനൊക്കെ മേൽ ഉയർന്നുനിൽക്കുന്നത് താൻ സവർണനാണ് എന്ന ചിന്ത തന്നെയാണ്.
സിനിമയിലെ ഞെട്ടിക്കുന്ന മറ്റൊരുകഥാപാത്രം അപ്പുണ്ണി ശശി ചെയ്ത കുട്ടപ്പൻ എന്ന നാടകനടനാണ്. കറുത്ത നിറമുള്ള കുട്ടപ്പൻ ഭാര്യാസഹോദരനിൽ ഏറ്റുന്ന വെറുപ്പ് ചില്ലറയല്ല. അകറ്റിനിർത്തിയ ഭാര്യാഗൃഹത്തിന്റെ അകത്തളത്തിലേക്ക് ചങ്കൂറ്റത്തോടെ കടന്നുചെല്ലുന്നുണ്ട് കുട്ടപ്പൻ.
അവിടടെയാർക്കും തങ്ങളെ വേണ്ട എന്ന തിരിച്ചറിവ് ലഭിക്കുന്ന കുട്ടപ്പൻ ഭാര്യയുടെ കൈ പിടിച്ച് അഭിമാനത്തോടെ തല ഉയർത്തിയാണ് ഇറങ്ങിപ്പോരുന്നത്. അപ്പുണ്ണി ശശി തന്റെ സിനിമാ ജീവിതത്തിൽ ഇത്രയും ദൈർഘ്യമുള്ള വേഷം ചെയ്തിട്ടുണ്ടാവില്ല. ഈ നടനെ മലയാള സിനിമ അടയാളപ്പെടുത്താൻ പോകുന്നതും കുട്ടപ്പനിലൂടെയായിരിക്കും.
കുട്ടപ്പന്റെ ഭാര്യയായെത്തിയ പാർവതിയും മാസ്റ്റർ വാസുദേവും രമേഷ്കോട്ടയവും ഇന്ദ്രൻസും കുഞ്ചനുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തേനി ഈശ്വറിന്റെ ക്യാമറയും ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും സിനിമയിലെ അസുഖകരമായ കാഴ്ചകൾക്ക് ബലമേകുന്നു. മമ്മൂട്ടി എന്ന നടന്റെ പുതിയ കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള ആർത്തി എന്താണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട് പുഴു. ആ നടനമികവിനായി, ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന അനുഭവത്തിനായി കാണാം പുഴു.