കൊച്ചി: കൊച്ചി മെട്രോ (kochi Metro) തൂണുകൾക്കിടയിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി. കഞ്ചാവ് ചെടി കണ്ടെത്തിയ ആൾ അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് നീക്കി. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം മെട്രോ പില്ലർ 516നും 517നും ഇടയിലുളള ഭാഗത്താണ് കഞ്ചാവ് ചെടി കണ്ടത്.
ആരെങ്കിലും ബോധപൂർവം വളർത്തിയതാണോ അതോ താനെ മുളച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കൊച്ചി: മെട്രോ പില്ലറുകൾക്കിടയിലെ പൂന്തോട്ടത്തിൽ വളർന്നു നിന്ന കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്തു. പാലാരിവട്ടം മെട്രോ സ്റ്റേഷനുസമീപമാണ് സംഭവം. മെട്രോ പില്ലർ 516നും 517നും ഇടയിൽ സംശയാസ്പദമായ നിലയിൽ ഒരു കഞ്ചാവ് ചെടി തലയുയർത്തി നിൽക്കുന്നതായി സമീപത്തെ കടക്കാരനാണ് എക്സൈസിനെ അറിയിച്ചത്.
മെട്രോ പൂന്തോട്ടത്തിലെവിടെയാടോ കഞ്ചാവ് എന്നൊക്കെ പറഞ്ഞ് ഉദ്യോഗസ്ഥർ ആദ്യം അത്ര കാര്യമാക്കിയില്ല. അല്ലേലും കൊച്ചി മെട്രോയുടെ പൂങ്കാവനത്തിൽ കഞ്ചാവ് ചെടി കാണുമെന്ന് എക്സൈസുകാരും കരുതില്ലല്ലോ.പക്ഷേ വിളിച്ചു പറഞ്ഞയാൾ ഉറച്ചു നിന്നു. കഞ്ചാവാണ് സാറേ കഞ്ചാവാണ്.
ഇക്കാര്യത്തിൽ തനിക്കങ്ങനെ തെറ്റുപറ്റില്ല. ഇതെത്ര കണ്ടിരിക്കുന്നെന്ന മട്ടിൽ കടക്കാരൻ ഉറച്ചു നിന്നു. വേണമെങ്കിൽ സാറൻമാർക്ക് വന്ന് നോക്കാമെന്നുകൂടി പറഞ്ഞതോടെയാണ് സോഴ്സിന്‍റെ ആത്മവിശ്വാസത്തിൽ ഉദ്യോഗസ്ഥർക്കും വിശ്വാസം തോന്നിത്തുടങ്ങിയത്. ഒടുവിൽ പോയി നോക്കുന്നതാണ് ബുദ്ധിയെന്ന് ഉദ്യോഗസ്ഥർക്കും തോന്നി. അങ്ങനെയാണ് അർധരാത്രി പന്ത്രണ്ടിന് പാലാരിവട്ടത്തെ പൂന്തോട്ടത്തിലെത്തി പരിശോധന തുടങ്ങിയത്.
പാതിരാത്രി മെട്രോപ്പില്ലറുകൾക്കിടയിൽ എന്താണ് തപ്പുന്നതെന്ന് യാത്രക്കാരൊക്കെ മണ്ടി മണ്ടി വണ്ടി നിർത്തിച്ചോദിച്ചെങ്കിലും എക്സൈസുകാർ കണ്ണുരുട്ടിയതല്ലാതെ ഒന്നും മിണ്ടിയില്ല. സാറൻമാരുടെ കാണാതെ പോയ മണി പഴ്സ് വല്ലതും തപ്പുകയാകും എന്നു കരുതി വന്നവർ വന്നവർ മിണ്ടാതെ കളം വിട്ടു.
അങ്ങനെ ഇരുട്ടത്ത് തപ്പിത്തേടിച്ചെന്നപ്പോഴാണ് നെഞ്ചും വിടർത്തി ദേണ്ടെ ഒരാൾ നിൽക്കുന്നു. ആളെക്കണ്ടപ്പോൾത്തന്നെ സാറൻമാർക്ക് ആളെ മനസിലായി. നല്ല സ്വയന്പൻ കഞ്ചാവ്. മൂന്നുനാല് മാസം പ്രായം കാണും. മെട്രോയുടെ പുന്തോട്ടക്കാരൻ എല്ലാദിവസവും വെളളമൊഴിക്കുന്നതിനാൽ വാട്ടമൊന്നിമില്ല.
ഇടയ്ക്കിടെ വളമിടുന്നതിനാൽ പകൽ വെയിലിന്‍റെ ക്ഷീണവുമില്ല. നല്ല ഉഗ്രൻ പ്രസരിപ്പോടെയാണ് നിൽപ്. എന്തൊക്കെയാണെങ്കിലും കഞ്ചാവ് ചെടി പിഴുത് നീക്കാനായിരുന്നു തീരുമാനം. ഒടുവിൽ രായ്ക്ക് രാമാനം ചെടി പിഴുത് മാറ്റി. കക്ഷിയെ കസ്റ്റഡിയിലുമാക്കി.ഇനി അറിയേണ്ടത് കൊച്ചി മെട്രോയുടെ പൂങ്കാവനത്തിൽ ആരാണ് ഈ വിരതനെ നട്ടതെന്നാണ്.
സമീപവാസികളാരെങ്കിലും വളർത്തിയതാണോയെന്ന് ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. പക്ഷേ നിലവിൽ തെളിവൊന്നുമില്ല. അതോ പൂന്തോട്ടം തയാറാക്കുന്ന കൂട്ടത്തിൽ യാദൃശ്ചികമായി വീണ് കിളിർത്തതാണോ എന്നും അറിയില്ല. എന്തായാലും കൊച്ചി നഗരത്തിൽ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പാലാരിവട്ടം ജംങ്ഷനടുത്താണ് ആരാലും ശ്രദ്ധിക്കപ്പെടാതെയാണ് ഈ കഞ്ചാവ് ചെടി വളർന്നുപൊങ്ങിയത്.
സാധാരണ ഗതിയിൽ സ്വകാര്യ ഭൂമിയിൽ കഞ്ചാവ് ചെടി വളർത്തിയാൽ ഉടമസ്ഥൻ പ്രതിയാകുമെന്നുറപ്പാണ്. എന്നാൽ കൊച്ചി മെട്രോ ആയിട്ടാണോ, അതിന്‍റെ എം ഡി മുൻ ഡിജിപി ആണെന്നറിഞ്ഞിട്ടാണോയെന്നറിയില്ല, തൽക്കാലം കേസൊന്നും എടുത്തിട്ടില്ല.
മെട്രോയുടെ പൂങ്കാവനത്തിൽ ഇതേപോലെ ഇനിയാരെങ്കിലും നല്ല തലയുയർത്തി നിൽപ്പുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അങ്ങനെയാരെയെങ്കിലും കണ്ടാൽ രായ്ക്ക് രാമാനം നീക്കാനാണ് നിർദേശം.