കൊച്ചി: ഇടപ്പള്ളി ലുലു മാളിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെച്ചുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി ലുലു ഗ്രൂപ്പ് എംഡി എം എ യൂസഫലിക്ക് തുറന്ന കത്തെഴുതി അഭിഭാഷകന്‍.മാളില്‍ നിയമവിരുദ്ധമായി പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്നത് തുടരുകയാണെന്ന വിവരം പങ്കുവെച്ച് അഡ്വ. സക്കറിയ വാവാടാണ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സുഹൃത്തുക്കളായ രണ്ട് പേര്‍ക്കൊപ്പം സിനിമ കാണാനെത്തി തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ 80 രൂപ പാര്‍ക്കിങ്ങ് ഫീസ് ചോദിച്ചെന്ന് സക്കറിയ പറയുന്നു.’കാറെടുത്തു ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങാന്‍ നേരം ഗേറ്റില്‍ ഞങ്ങളെ തടഞ്ഞു വെച്ചു.
80 രൂപ പാര്‍ക്കിംഗ് ഫീ വേണമെന്ന് പറഞ്ഞു. ഞങ്ങള്‍ കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. കാരണം ലുലു മാളിന് എതിരെ ഹൈക്കോടതിയില്‍ ഇതേ പാര്‍ക്കിംഗ് ഫീ വിഷയത്തില്‍ നടക്കുന്ന കേസില്‍ കോടതി പറഞ്ഞത് മാളുകളില്‍ പാര്‍ക്കിംഗ് ഫീ വാങ്ങുന്നത് പ്രഥമ ദൃഷ്ട്യാ നിയമ വിരുദ്ധമെന്നാണ്.’ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ കാര്‍ പാര്‍ക്കിംഗ് സ്റ്റാഫും, സൂപ്പര്‍വൈസറും അടക്കം കുറേ ആളുകള്‍ വന്ന് ബ്ലോക്ക് ചെയ്തു. തര്‍ക്കമായി. പാര്‍ക്കിംഗ് ഫീ ഒരു നിലക്കും തരാന്‍ തയ്യാറല്ലെന്ന് ഞങ്ങള്‍. വാങ്ങിയേ വിടുമെന്ന് അവര്‍. കുറേ കഴിഞ്ഞാല്‍ സാധരണ നമ്മള്‍ ചെയ്യാറുള്ള പോലെ പൈസ കൊടുത്തു പോവും എന്ന് അവര്‍ തെറ്റിദ്ധരിച്ചു കാണും.
പെരുമാറ്റം വളരെ മോശമായിരുന്നു. ഞങ്ങള്‍ അവരോട് പോലീസിനെ വിളിക്കാന്‍ പറഞ്ഞു. അവര്‍ പെടും എന്നത് കൊണ്ട് തന്നെ അവര്‍ വിളിക്കാന്‍ തയ്യാറായില്ല. അവസാനം ഞങ്ങള്‍ പോലീസിനെ 112വില്‍ വിളിച്ചു. അവര്‍ പാഞ്ഞെത്തി. തുടര്‍ന്ന് കളമശ്ശേരി പൊലീസും മറ്റൊരു വാഹനത്തില്‍ എത്തി.
സംസാരം തുടര്‍ന്നു. പൊലീസ് ഇരു കൂട്ടരോടും പരാതി കൊടുക്കാന്‍ പറഞ്ഞു. ഞങ്ങള്‍ പരാതി കൊടുക്കാന്‍ തയ്യാറായി. അവര്‍ക്ക് ഒരു പരാതിയുമില്ല. അപ്പോള്‍ അവരുടെ നിലപാട് മാറി. പിന്നെ പാര്‍ക്കിംഗ് ഫീയും വേണ്ട. ഒന്നും വേണ്ട. ഞങ്ങളൊന്ന് പോയിക്കൊടുത്താല്‍ മതി.
ബാരിക്കേഡ് മാറ്റി. ഞങ്ങളോട് പോയിക്കൊള്ളാന്‍ ഉത്തരവ്. ആത്മ സംതൃപ്തിയോടെ പോലീസിന് നന്ദി പറഞ്ഞു ഞങ്ങള്‍ റൂമിലേക്ക്,’ സക്കറിയ വാവാട് ഫേസ്ബുക്കില്‍ കുറിച്ചു.സ്വന്തം റിസ്‌കില്‍ പാര്‍ക്കിങ്ങ് ഫീസ് വാങ്ങുന്നത് തുടരാമെന്ന് ഹൈക്കോടതി പ്രസ്താവനയാണ് ലുലു സൂപ്പര്‍വൈസര്‍ തങ്ങളെ കാണിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
എന്താണ് ഈ റിസ്‌ക് ?. എന്ന് വെച്ചാല്‍ കസ്റ്റമറും പാര്‍ക്കിംഗ് സ്റ്റാഫും തമ്മില്‍ അടി കൂടി തീരുമാനമാക്കിക്കോട്ടേന്ന്. ഞങ്ങള്‍ ഫീ കൊടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ ലുലു സൂപ്പര്‍വൈസര്‍ ഞങ്ങളെ കാണിച്ച ക്ലോസ് ഇതാണ്. അതാണ് ഏറ്റവും വലിയ തമാശയായി തോന്നിയതെന്നും സക്കറിയാ വാവാട് പറയുന്നു.കെട്ടിട നിര്‍മ്മാണച്ചട്ടത്തിലെ പ്രസക്ത ഭാഗങ്ങള്‍ എം എ യൂസഫലിയെ ചൂണ്ടിക്കാട്ടാന്‍ അഭിഭാഷകന്‍ കത്തിലൂടെ ശ്രമിക്കുന്നുണ്ട്.
‘കെട്ടിട നിര്‍മ്മാണച്ചട്ടം ലുലുവിന് മാത്രമല്ല എല്ലാ മാളുകള്‍ക്കും ബാധകമാണ്. പ്രിയ യൂസുഫലി സാഹിബ് പലതിലും മാതൃക ആവുന്ന പോലെ കേരളത്തില്‍ പാര്‍ക്കിംഗ് ഫീ സ്വമേധയാ നിര്‍ത്തി മാതൃക കാണിക്കൂ . അതാണ് മാസ്സ് . കോടതി പറഞ്ഞിട്ട് ചെയ്യുമ്ബോള്‍ അതില്‍ ഒരു തോല്‍വി ഉണ്ട്.’ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.