ഗാനം റിലാസ് ചെയ്യുന്ന ചടങ്ങിനിടെ സദസിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി നടനും സംവിധായകനുമായ പാർഥിപൻ. തന്റെ പുതിയ ചിത്രമായ ഇരവിൻ നിഴലിലെ ഗാനം റിലീസ് ചെയ്യുന്ന പരിപാടിക്കിടെയാണ് പാർഥിപൻ പ്രകോപിതനായി പെരുമാറിയത്.
സംഗീത സംവിധായകൻ എആർ റഹ്‌മാൻ വേദിയിലിരിക്കെയായിരുന്നു പാർഥിപന്റെ അതിരുവിട്ട പെരുമാറ്റി. പിന്നീട് തെറ്റ് മനസ്സിലാക്കിയ പാർഥിപൻ ക്ഷമാപണം നടത്തി. താൻ കടുത്ത സമ്മർദ്ദത്തിലാണെന്ന് തുറന്നുപറഞ്ഞാണ് പാർഥിപൻ പിന്നീട് ക്ഷമാപണം നടത്തിയത്.
20 വർഷങ്ങൾക്ക് ശേഷം നടനും സംവിധായകനുമായ പാർഥിപനും സംഗീത സംവിധായകൻ എ ആർ റഹ്‌മാനും ഒന്നിക്കുന്ന ചിത്രമാണ് ഇരവിൻ നിഴൽ. ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്നതിനിടെയാണ് സദസിലുണ്ടായിരുന്ന നടനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ റോബോ ശങ്കറിന് നേരെ പാർഥിപൻ മൈക്ക് എറിഞ്ഞത്.
മൈക്ക് നൽകാമോ എന്ന് ചോദിച്ചപ്പോൾ ഇത് നേരത്തെ ചോദിക്കണമെന്ന് പറഞ്ഞ് കസേരയിൽ നിന്ന് എഴുന്നേറ്റുവന്ന് മൈക്ക് എറിയുകയായിരുന്നു. പാർഥിപൻ രചനയും സംവിധാനവും നടത്തിയ ‘ഇരവിൻ നിഴൽ’ ഒരു പരീക്ഷണ ചിത്രമാണ്. ഏഷ്യയിലെ ആദ്യത്തെ സിംഗിൾ ഷോട്ട് ഫീച്ചർ ഫിലിം ആണ് ചിത്രം.
2001 ൽ പാർഥിപൻ സംവിധാനം ചെയ്ത ‘യേലേലോ’ എന്ന ചിത്രത്തിന് വേണ്ടി എ ആർ റഹ്‌മാൻ സംഗീതമൊരുക്കിയിരുന്നു. എന്നാൽ ആ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.