ന്യൂഡെൽഹി: (wwwkvartha.com) ഐടി ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തയുണ്ട്. അടുത്തിടെയായി ഐടി ജോലി ഉപേക്ഷിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് മറികടക്കാൻ കംപനികൾ നിയമനങ്ങൾ വർധിപ്പിക്കുകയാണ്. ഇൻഡ്യയിലെ ഏറ്റവും വലിയ ഐടി സേവന കംപനിനിയായ ടാറ്റ കൺസൾടൻസി സർവീസസ് (ടിസിഎസ്) പുതുതായി 40,000 ജീവനക്കാരെ നിയമിക്കും.
മറ്റൊരു പ്രമുഖ കമ്ബനിയായ ഇൻഫോസിസ് ഈ സാമ്ബത്തിക വർഷം 50,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നു.2022 മാർച് പാദത്തിൽ ഇൻഫോസിസിന്റെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 27.7 ശതമാനത്തിലെത്തി.
2021 ഡിസംബർ പാദത്തിൽ നിരക്ക് 25.5 ശതമാനമായിരുന്നു. 2021-22 ലെ നാലാം പാദത്തിൽ, ടിസിഎസിന് 17.4 ശതമാനം ജീവനക്കാരുടെ കൊഴിഞ്ഞുപോക്കുണ്ടായി, ഒരു വർഷം മുമ്ബ് ഇതേ പാദത്തിൽ ഇത് 7.3 ശതമാനമായിരുന്നു. ടിസിഎസും ഇൻഫോസിസും പുതിയ നിയമനങ്ങൾക്കായി 2021 സാമ്ബത്തിക വർഷത്തിൽ മൊത്തം 61,000 ക്യാംപസ് ഇന്റർവ്യൂകൾ നടത്തി.
2022 സാമ്ബത്തിക വർഷത്തിൽ ടിസിഎസും ഇൻഫോസിസും യഥാക്രമം 100,000, 85,000 പുതുമുഖങ്ങളെ നിയമിച്ചു. ഇനിയും അങ്ങനെ തന്നെ തുടരാനാണ് സാധ്യതയെന്ന് ന്യൂസ് 18 റിപോർട്ട് ചെയ്തു.
2023 സാമ്ബത്തിക വർഷത്തിൽ 50,000 ത്തിലധികം പുതുമുഖങ്ങളെ നിയമിക്കുന്ന കാര്യം
പരിഗണിക്കുന്നതായി ഇൻഫോസിസ് പറയുന്നു. ‘കഴിഞ്ഞ ഒരു വർഷത്തിനിടെ, ഇൻഡ്യയിലും ആഗോളതലത്തിലുമായി ഞങ്ങൾ 85,000 പുതുമുഖങ്ങളെ നിയമിച്ചിട്ടുണ്ട്. കുറഞ്ഞത് 50,000 (ഈ വർഷം) ഉദ്യോഗാർത്ഥികളെയെങ്കിലും നിയമിക്കാനും ഞങ്ങൾ പദ്ധതിയിടുന്നു. കൂടാതെ, ഇത് പ്രാഥമിക കണക്കുകൾ മാത്രമാണ്’, ഈ മാസം ആദ്യം ഇൻഫോസിസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞതാണിത്.
പുതിയ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിന്റെ വേഗത കഴിഞ്ഞ സാമ്ബത്തിക വർഷത്തിന് സമാനമായിരിക്കുമെന്ന് ടിസിഎസ് പറഞ്ഞു. 40,000 നിയമനങ്ങൾ ഈ വർഷം കംപനി ലക്ഷ്യമിടുന്നതായും ആവശ്യാനുസരണം ഇത് വർധിപ്പിക്കുമെന്നും ടിസിഎസ് സിഇഒ എൻ ജി സുബ്രഹ്മണ്യം വ്യക്തമാക്കി.
വർക് ഫ്രം ഹോം (WFH) മോഡൽ ഐടി മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കംപനിയുടെ 25 ശതമാനത്തിലധികം ജീവനക്കാർ ഒരിക്കലും ഓഫീസിൽ നിന്ന് ജോലി ചെയ്യേണ്ടതില്ലെന്നും അവരുടെ സമയത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ഓഫീസിൽ ചെലവഴിക്കേണ്ടതില്ലെന്നും ടിസിഎസ് വ്യക്തമാക്കുന്നു.
തങ്ങളുടെ ജീവനക്കാർ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഘട്ടം ഘട്ടമായി ഓഫീസിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നതായി ഇൻഫോസിസും പറഞ്ഞു.