ബസ് തകരാറിലായതിനെത്തുടര്‍ന്ന് തിരുവനന്തപുരം- ബംഗളൂരു (Thiruvananthapuram – Bengaluru) സ്കാനിയ ബസിലെ (Scania Bus) യാത്രക്കാര്‍ പെരുവഴിയിലായ സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍.
ബസിന്റെ സര്‍വീസ് പ്രോവൈഡേഴ്സിന് കരാര്‍ പുതുക്കി നല്‍കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. തകരാറിലായ ബസ് KSRTCയുടേതല്ല. സര്‍വ്വീസ് പ്രോവൈഡേഴ്സ് വരുത്തുന്ന വീഴ്ച്ചയ്ക്ക് KSRTC മറുപടി പറയേണ്ടി വരുന്ന അവസ്ഥയാണെന്നും ആന്റണി രാജു കൊച്ചിയില്‍ പറഞ്ഞു.
സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരാണ് ബസ് തകരാറിലായതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ ത്യശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ ബംഗളൂരുവിലെത്തേണ്ട ബസാണ്. എന്നാല്‍ ബസ് ത്യശൂരില്‍ നിന്ന് പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെ മാത്രമാണ്.
യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്കാനിയയ്ക്ക് പകരം AC ലോ ഫ്ളോര്‍ ബസിലാണ് യാത്രക്കാരെ കയറ്റി വിട്ടത്. AC തകരാറിലായതാണ് യാത്ര തടസപ്പെടാന്‍ കാരണമായത്.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്കാനിയ ബസുകള്‍ ഉണ്ടായിരുന്നത്.
ഇത് വേഗത്തില്‍ എത്തിയ്ക്കാനും സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് പുലര്‍ച്ചെ വരെ യാത്രക്കാര്‍ക്ക് തൃശ്ശൂരില്‍ തുടരേണ്ടി വന്നു. പ്രതിഷേധവുമായി യാത്രക്കാര്‍ എത്തിയതോടെയാണ് കോഴിക്കോട് നിന്ന് AC ലോ ഫ്ളോര്‍ അയച്ചത്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമുള്ള ബദല്‍ ബസുകള്‍ ക്രമീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. പുലര്‍ച്ചെ 3.30 ന് ബസ് ക്രമീകരിക്കുക എന്നത് ശ്രമകരമായ ജോലിയാണെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചതായാണ് വിവരം.
തല്‍ഫലമായി, തൃശൂര്‍ ഡിപ്പോയില്‍ രാവിലെ ആറിന് AC ലോ ഫ്ലോര്‍ ബസ് വരുന്നത് വരെ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.ത്യശൂരില്‍ നിന്ന് ലോ ഫ്ളോര്‍ ബസില്‍ കോഴിക്കോട് എത്തിച്ചു. ഇവിടെ നിന്നും ബംഗളൂരുവിലേയ്ക്ക് പുറപ്പെടുന്നതിന് സ്കാനിയ AC ബസ് ഉണ്ടായിരുന്നില്ല.
അതിന് ശേഷം കോഴിക്കോടും ഏറെ നേരം കാത്തിരുന്നു. AC ബസ് എത്തിയ ശേഷമാണ് പുറപ്പെട്ടത്. AC ബസിനായി വീണ്ടും ഏറെ നേരം യാത്രക്കാര്‍ക്ക് കാത്തിരിയ്ക്കേണ്ടി വന്നു. 13 യാത്രക്കാരാണ് കോഴിക്കോട് കുടുങ്ങിയത്. ബസില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകേണ്ടിയിരുന്നവര്‍ മറ്റ് വാഹനങ്ങളില്‍ ബംഗളൂരുവിലേയക്ക് തിരിച്ചു.