Home Featured കർണാടകയെ കോടതിയിൽ മുട്ട് കുത്തിച്ച കെ എസ്‌ ആർ ടി സി യുടെ സ്വന്തം ‘കണ്ണൂർ ഡീലക്സ്’ ഓട്ടം നിർത്തി; റൂട്ട് ഏറ്റെടുത്ത് കെ സ്വിഫ്റ്റ്

കർണാടകയെ കോടതിയിൽ മുട്ട് കുത്തിച്ച കെ എസ്‌ ആർ ടി സി യുടെ സ്വന്തം ‘കണ്ണൂർ ഡീലക്സ്’ ഓട്ടം നിർത്തി; റൂട്ട് ഏറ്റെടുത്ത് കെ സ്വിഫ്റ്റ്

കണ്ണൂർ: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് കെഎസ്ആർടിസിയെന്ന ചുരുക്കപ്പേര് നിലനിർത്താൻ കോടതിയിൽ തെളിവായി മാറിയ ‘കണ്ണൂർ ഡീലക്സ് സർവീസ് നിർത്തി.കണ്ണൂർ – തിരുവനന്തപുരം റൂട്ടിലെ സർവീസ് പുതിയ സ്വിഫ്റ്റ് സർവീസിനു വഴിമാറിയതോടെയാണ് കണ്ണൂർ ഡീലക്സിനു പൂട്ടുവീണത്.

കെഎസ്ആർടിസി വെബ്സൈറ്റിൽ കണ്ണൂർ ഡീലക്സിന്റെ ടിക്കറ്റ് ബുക്കിങ്ങും അവസാനിപ്പിച്ചു. യാത്രക്കാർ കുറവായതിനാൽ ഒരുമാസത്തേക്കാണ് സർവീസ് നിർത്തിയതെന്നു കെഎസ്ആർടിസി വിശദീകരിക്കുന്നുണ്ടെങ്കിലും പുനരാരംഭിക്കാനുള്ള സാധ്യത വിദൂരമാണെന്നു ജീവനക്കാർ തന്നെ പറയുന്നു.

വൈകിട്ട് 5.30നു കണ്ണൂർ ഡിപ്പോയിൽ നിന്നു പുറപ്പെട്ട് പുലർച്ചെ തിരുവനന്തപുരത്ത് എത്തുന്ന സർവീസിന് കെഎസ്ആർടിസിയുടെചരിത്രത്തോളം തന്നെ പഴക്കമുണ്ട്.കെഎസ്ആർടിസിയെന്ന ചുരുക്കപ്പേരിന് കർണാടക ആർടിസി അവകാശമുന്നയിച്ചതോടെയാണ് ആദ്യം ഈ പേര് ഉപയോഗിച്ചതു കേരളമാണെന്നു തെളിയിക്കാൻ’കണ്ണൂർ ഡീലക്സ് കോടതി കയറിയത്.

1969ൽ പുറത്തിറങ്ങിയ ‘കണ്ണൂർ ഡീലക്സ്’ സിനിമയ്ക്കായി ബസിനുള്ളിലും സ്റ്റാൻഡ് പരിസരങ്ങളിലും ചിത്രീകരിച്ച ദൃശ്യങ്ങളും ബസിൽവരച്ചുചേർത്തിരുന്ന രണ്ട് ആനകൾ ചേർന്ന ലോഗോയുമെല്ലാം തെളിവായി സ്വീകരിച്ചാണ് കോടതി കെഎസ്ആർടിസി എന്ന പേര് കേരളത്തിന് അവകാശപ്പെട്ടതാണെന്നു വിധിയെഴുതിയത്.

കണ്ണൂർ ഡീലക്സ് എന്ന് കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക് ബസും സിനിമയും ഓടിയെത്തും. പ്രേംനസീറും ഷീലയും അടൂർ ഭാസിയും തകർത്തഭിനയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ത്രില്ലറായിരുന്നു കണ്ണൂർ ഡീലക്സ്.

1969-ലാണ് എ.ബി. രാജ് കണ്ണൂർ ഡീലക്സ് എന്ന സിനിമ സംവിധാനം ചെയ്തത്. കെ.എസ്.ആർ.ടി.സി. എത്രയോ സർവീസുകൾ നിർത്തിയിട്ടും കണ്ണൂർ ഡീലക്സ് ജനപ്രിയ ബസായി വർഷങ്ങളായി ഓടുന്നു.

പ്രതിദിനം അരലക്ഷത്തിലേറെ വരുമാനവുമുണ്ട്. 1967-ൽ അന്നത്തെഗതാഗതമന്ത്രി ഇമ്ബിച്ചി ബാവയാണ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തത്.കണ്ണൂർ ഡീലക്സിന്റെ നിരക്കായ 701 രൂപ തന്നെയാണ് സ്വിഫ്റ്റ് സർവീസിനും തിരുവനന്തപുരത്തേക്ക് ഈടാക്കുന്നത്.

നോൺ എസി സെമി സ്ലീപ്പർ ബസാണ് സർവീസ് നടത്തുന്നത്. 12 മുതൽ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചപ്പോൾ 15 മിനിറ്റ് വ്യത്യാസത്തിൽ കണ്ണൂർ ഡീലക്സും സർവീസ് നടത്തിയിരുന്നു. എന്നാൽ വിഷു, ഈസ്റ്റർ അവധി ദിനങ്ങളിലെല്ലാം എല്ലാ സീറ്റുകളും നിറഞ്ഞായിരുന്നു ബസ് ഓടിയിരുന്നത്.

എന്നാൽ പിന്നീട് കണ്ണൂർ ഡീലക്സിലെ ടിക്കറ്റ് ബുക്കിങ് കുത്തനെ കുറഞ്ഞു. സ്വിഫ്റ്റ് സർവീസിന് വരും ദിവസങ്ങളിൽ തിരുവനന്തപുരം റൂട്ടിലെ ടിക്കറ്റുകളിലേറെയും ബുക്കിങ് പൂർത്തിയായതായും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

അതേസമയം കണ്ണൂരിൽനിന്ന് ബംഗളൂരു (രാത്രി 9.30), ബംഗളൂരു ഡീലക്സ് (രാത്രി 7.00), കണ്ണൂർ -തിരുവനന്തപുരം ഡീലക്സ് (5.30), മധുര (വൈകീട്ട് 6.15) തുടങ്ങിയ നിലവിൽ ഓടുന്ന സർവിസുകളും വൈകീട്ട് ആറിന് പുതുച്ചേരിയിലേക്കുള്ള പുതിയ സർവിസുമാണ് സ്വിഫ്റ്റാവുക.

മേയിൽ കണ്ണൂർ ഡിപ്പോയിൽനിന്ന് 10 ഡ്രൈവർമാർ വിരമിക്കുന്ന സാഹചര്യത്തിൽ സ്വിഫ്റ്റ് ബസുകൾ എത്രയുംവേഗം എത്തിയാൽ മാത്രമേ സർവിസുകൾ സുഗമമായി നടത്താനാവൂ.

സർവിസുകൾ സ്വിഫ്റ്റിലേക്ക് മാറുന്നതോടെ ഡ്രൈവർമാരെയും ലഭിക്കും. 218 ഡ്രൈവർമാരും ഇരുന്നൂറോളം കണ്ടക്ടർമാരുമാണ് കണ്ണൂർ ഡിപ്പോയിലുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group