ബംഗളൂരു : ഹിജാബുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ- യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും.ഈ വര്‍ഷം 6,842,255 വിദ്യാര്‍ത്ഥികള്‍ ആണ് പരീക്ഷ എഴുതുന്നത്.
ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി.കര്‍ശന സുരക്ഷയില്‍ ആകും പരീക്ഷകള്‍ നടത്തുക.
പരീക്ഷയ്ക്കാവശ്യമുള്ള മുന്നൊരുക്കങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി. നിലവില്‍ അവസാന ഘട്ട ഒരുക്കള്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.വിദ്യാര്‍ത്ഥിനികള്‍ക്ക് പുറമേ അദ്ധ്യാപകര്‍ക്കും ഹിജാബ് ധരിച്ച് പരീക്ഷാ ഡ്യൂട്ടിയ്ക്ക് എത്തുന്നതിന് വിലക്കുണ്ട്.
ഈ സാഹചര്യത്തില്‍ താത്പര്യമുള്ളവര്‍ മാത്രം പരീക്ഷാ ഡ്യൂട്ടി ഏറ്റെടുത്താല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകര്‍ക്ക് പരീക്ഷാ ചുമതലകളും നല്‍കിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികളെ കര്‍ശനമായി നിരീക്ഷിക്കാന്‍ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം ഉണ്ട്. നാളെ ആരംഭിക്കുന്ന പരീക്ഷകള്‍ അടുത്ത മാസം 18 നാണ് അവസാനിക്കുക.പരീക്ഷ നടക്കുന്ന സ്കൂളുകളിലും പരിസരങ്ങളിലും പോലീസ് സുരക്ഷ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
എസ്എസ്എല്‍സി, ഒന്നാം വര്‍ഷ പിയു പരീക്ഷകള്‍ക്കിടയില്‍ ചില സ്കൂളുകളില്‍ നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ഹാളുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇവ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി.ഹിജാബിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി, ഒന്നാം വര്‍ഷ പിയു പരീക്ഷകള്‍ ബഹിഷ്കരിച്ചിരുന്നു. സമാന രീതിയില്‍ രണ്ടാം വര്‍ഷ പരീക്ഷകള്‍ ബഹിഷ്കരിക്കുന്നവര്ക്ക് പുന:പരീക്ഷ നടത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.